കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ മുഖ്യപ്രതി സിപിഎമ്മാണെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കുറ്റപത്രത്തില്‍ ഏഴിടത്തു പരാമര്‍ശമുണ്ടായിട്ടും കുഞ്ഞാലിക്കുട്ടിക്കു രക്ഷപ്പെടാന്‍ അവസരമൊരുങ്ങിയതു നായനാര്‍ ഭരണകാലത്താണ്. ഇതിനു കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് എന്തു പ്രത്യുപകാരമാണു ലഭിച്ചതെന്നു സിപിഎം വ്യക്‌തമാക്കണം. തെറ്റുതിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കാന്‍ സിപിഎം സമ്മര്‍ദം ചെലുത്തണം. തെളിവുള്ളപ്പോള്‍ മുഖ്യമന്ത്രി ഇതിനു മടിക്കുന്നത് എന്തിനെന്നു മുരളീധരന്‍ ചോദിച്ചു.
കള്ളനോട്ട് കേസില്‍ അന്വേഷണം മരവിച്ചതു കേസിലെ പ്രതിക്കു ലീഗ് നേതാവുമായുള്ള ബന്ധം പുറത്തായതോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. 31ന് എറണാകുളത്തു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്‌തു ഭാവി പ്രക്ഷോഭപരിപാടികള്‍ ആലോചിക്കും. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളുമായി ലീഗിന്റെ സംസ്‌ഥാന ജനറല്‍ സെക്രട്ടറിക്കുള്ള ബന്ധം വ്യക്‌തമായ സ്‌ഥിതിക്കു ലീഗ് ബന്ധം കോണ്‍ഗ്രസ് പുനഃപരിശോധിക്കണം. ഇത്തരമൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുന്നത് രാജ്യത്തിനു ഗുണകരമല്ല. ആത്മാര്‍ഥത തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കില്‍ ഇ. അഹമ്മദിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം. മലബാര്‍ സിമന്റ്‌സ് സംഭവത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും പങ്കുണ്ടെന്നും ഇക്കാര്യം പിന്നീടു വെളിപ്പെടുത്താമെന്നും മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു.
Discussion about this post