തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ സംബന്ധിച്ച് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഭരണ സമിതിയുടെ കാലാവധി ഒക്ടോബര്‍ 31, നവമ്പര്‍ അഞ്ച് തീയതികളില്‍ അവസാനിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നവമ്പര്‍ 12 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുത്ത് അധികാരമേല്‍ക്കണം.
ഭരണ സമിതയുടെ കാലാവധി നവമ്പര്‍ 11 വരെ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ പൂര്‍ത്തിയാകുന്ന മുറയ്ക്കുള്ള തീയതികളില്‍ നടത്തും. സംസ്ഥാനത്തെ ജില്ല/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളിലെ ആദ്യ അംഗത്തെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയൊ ചെയ്യിക്കുന്നത് അതതു പഞ്ചായത്തിന്റെ വരണാധികാരി ആയിരിക്കും. മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കാര്യത്തിലും ബന്ധപ്പെട്ട വരണാധികാരിയും ഒന്നില്‍ കൂടുതല്‍ വരണാധികാരികളുള്ള മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട വരണാധികാരിയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍മാരുമാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയൊ ചെയ്യിക്കേണ്ടത്. പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ അതത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) മാരും മുനിസിപ്പാലിറ്റികളുടെയും നഗരസഭകളുടെയും കാര്യത്തില്‍ അതതു മുനിസിപ്പല്‍ കൗണ്‍സില്‍/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തില്‍ അതത് ജില്ലാ കളക്ടര്‍മാരും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ സമഗ്ര മേല്‍നോട്ടം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തിനോട് നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ പ്രതിജ്ഞയെടുക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെടേണ്ടതുമാണ്. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ രാവിലെ 10 മണിക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ അംഗങ്ങളുടെത് പകല്‍ 11.30 നും നടത്തും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ പ്രതിജ്ഞയെടുക്കല്‍ ചടങ്ങിന് സംബന്ധിക്കുന്നതിന് രേഖാമൂലം അറിയിപ്പ് നല്‍കണം. ആദ്യം സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത അംഗം തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കേണ്ടതാണ്. ഈ കാര്യത്തില്‍ വരണാധികാരിയും സെക്രട്ടറിയും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം.
സത്യപ്രതിജ്ഞ ചടങ്ങു കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം ചേരണം. ഈ യോഗത്തില്‍ ആദ്യം പ്രതിജ്ഞ ചെയ്ത അംഗം അദ്ധ്യക്ഷത വഹിക്കുകയും പ്രസിഡന്റ്/ചെയര്‍പേഴ്‌സണ്‍/മേയര്‍/വൈസ് പ്രസിഡന്റ്/വൈസ് ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതാണെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കണം. ഇതിനായി കമ്മീഷനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ലഭ്യമാക്കും. പ്രസിഡന്റ്/ചെയര്‍പേഴ്‌സണ്‍/മേയര്‍/വൈസ് പ്രസിഡന്റ്/വൈസ്‌ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാനനിര്‍ദ്ദേശം ചെയ്തിട്ടുള്ള വരണാധികാരികള്‍ നടത്തണം. അതിന്റെ റിപ്പോര്‍ട്ട് ഇലക്ഷന്‍ കമ്മീഷനും സര്‍ക്കാരിനും ബന്ധപ്പെട്ട വരണാധികാരികള്‍ നല്‍കണം. ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ക്രമീകരണങ്ങള്‍ ഏര്‍പ്പാടു ചെയ്യുവാന്‍ ബന്ധപ്പെട്ട എല്ലാവരോടും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവമ്പര്‍ 11 ന് കാലാവധി പൂര്‍ത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ തീയതി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നതിനുള്ള തീയതി എന്ന ക്രമത്തില്‍ ചുവടെ.
മലപ്പുറം : നന്നംമുക്ക് ഗ്രാമപഞ്ചായത്ത് – നവംബര്‍ 16, പുലമാന്തോള്‍ ഗ്രാമപഞ്ചായത്ത് – നവംബര്‍ 19, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് – നവംബര്‍ 19, കാവന്നൂര്‍ ഗ്രാമപഞ്ചായത്ത് – നവംബര്‍ 26, ആലങ്കോട് ഗ്രാമപഞ്ചായത്ത് – നവംബര്‍ 29, വാഴയൂര്‍ ഗ്രാമപഞ്ചായത്ത്-ഡിസംബര്‍ ഒന്ന്, എടവണ്ണ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ അഞ്ച്, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ 17, മാമ്പാട് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ 19, അമരമ്പലം ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ 19, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് – ഡിസംബര്‍ 22, ചോക്കാട് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ 26, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 2016 ജനുവരി 16, മംഗലം ഗ്രാമപഞ്ചായത്ത് – ഫെബ്രുവരി ഒന്ന്, വെട്ടം ഗ്രാമപഞ്ചായത്ത് – ഫെബ്രുവരി ഒന്ന്, തിരുനാവായ ഗ്രാമപഞ്ചായത്ത് – ഫെബ്രുവരി ഒന്ന്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് – ഫെബ്രുവരി ഒന്ന്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് – ഫെബ്രുവരി ഒന്ന്. പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് – നവംബര്‍ 30. എറണാകുളം: എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് – നവംബര്‍ 30, മാറാടി ഗ്രാമപഞ്ചായത്ത് – നവംബര്‍ 30, മുടക്കുഴ ഗ്രാമപഞ്ചായത്ത് – നവംബര്‍ 30, പാറക്കടവ് ഗ്രാമപഞ്ചായത്ത് – നവംബര്‍ 30, കുന്നുകര ഗ്രാമപഞ്ചായത്ത് – നവംബര്‍ 30, ഇടപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് – നവംബര്‍ 30, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് – നവംബര്‍ 30, തൃക്കാക്കര മുനിസിപ്പാലിറ്റി – നവംബര്‍ 30. കൊല്ലം: കരീപ്ര ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. ആലപ്പുഴ: ബുധനൂര്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. കോട്ടയം: ചെമ്പ് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, പാമ്പാടി ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, തലനാട് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. തൃശൂര്‍ : കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, എളവള്ളി ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, വള്ളത്തോള്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. പാലക്കാട്: തൃത്താല ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. കോഴിക്കോട്: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, ഓമശേരി ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. വയനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത്-ഡിസംബര്‍ ഒന്ന്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്. കാസര്‍ഗോഡ്: പൈവളിഗെ ഗ്രാമപഞ്ചായത്ത് – ഡിസംബര്‍ ഒന്ന്.
Discussion about this post