തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചുകൊണ്ട് എൻഡിഎ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. ഇടതുപക്ഷത്തെ കേരളം കയ്യൊഴിഞ്ഞതായുള്ള വിധിയാണ് പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന്റെ വിജയം ശാശ്വതമല്ല. ഇടത് വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് ചിലയിടങ്ങളിൽ യുഡിഎഫിന് കൈത്താങ്ങായത്. എൻഡിഎ മുന്നണി വോട്ട് ശതമാനം കേരളത്തിൽ ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവച്ച വികസിത കേരളം എന്ന മുദ്രാവാക്യത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ വികസനം തലസ്ഥാനത്തുനിന്ന് ആരംഭിക്കും എൻഡിഎ വാക്കുപാലിക്കും. എൻഡിഎ വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഹരികുമാർ പറഞ്ഞു.













