തിരുവനന്തപുരം: ജനങ്ങളുടെ സാധാരണപ്രശ്‌നങ്ങളില്‍ ദൈനംദിനം ഇടപെടുന്നവരായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭരണഭാഷ മലയാളമാക്കുന്നതിന് പ്രാധാന്യമുണ്ടെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ സാധാരണക്കാരിലെത്തി ഫലപ്രാപ്തിയുണ്ടാവാന്‍ ഇതേറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഭാഷ സംബന്ധിച്ച പുരോഗതി വിലയിരുത്തുമ്പോള്‍ കാര്യമായ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, സ്വത്വബോധത്തിന്റെ വികാരവും സംസ്‌കാരവുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള പോലീസ് പി.ആര്‍.ഒ പി.എസ്. രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഭാഷയിലുള്ള ഏതു അപചയവും നമ്മുടെ ജീവിതത്തെയും പുരോഗതിയെയും ബാധിക്കുമെന്ന് നമ്മള്‍ വേണ്ടത്ര തിരിച്ചറിയുന്നില്ല. മാതൃഭാഷയില്‍ വിദ്യാഭ്യാസം നടത്താത്ത വിദ്യാര്‍ഥിയുടെ വികസനം പൂര്‍ണമാകില്ല. മാതൃഭാഷയില്‍ പഠിച്ചാലേ വൈകാരിക മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താനാകൂ. ഇംഗ്‌ളീഷ് മലയാളത്തിന് മേല്‍ അധീശത്വം നേടുന്ന അവസ്ഥയിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അഡീ. ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാതല ഭരണഭാഷാ പുരസ്‌കാരം നേടിയ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ജി. സുധാകരന്‍ നായര്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉപഹാരം ചടങ്ങില്‍ എ.ഡി.എം സമ്മാനിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. ചന്ദ്രിക അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) എസ്. ജെ. വിജയ, കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ഷിജിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post