തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലയളവ് തീരുന്നതുവരെ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ വില്പനയും ഉപയോഗവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ ഉപേക്ഷിക്കുന്നതും കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ് നിരോധിച്ചു. ഉത്തരവ് നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 2011-ലെ കേരള പോലീസ് ആക്ടും ബന്ധപ്പെട്ട ഇതര നിയമങ്ങളും അനുസരിച്ചുള്ള ശിക്ഷാ നടപടി സ്വീകരിക്കും.
ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ശബരിമലയിലേയ്ക്കുള്ള കാനനപാതയുടെ കവാടവുമായ എരുമേലിയില്‍ മണ്ഡലകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യത്തിന്റെ അളവ് വര്‍ഷം തോറും കൂടി വരുന്നത് നിയന്ത്രിക്കുന്നതിനാണ് ഈ ഉത്തരവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തീര്‍ത്ഥാടകള്‍ക്ക് ശുചിത്വ മൈത്രി പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും അവരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിക്കുന്നതിനും എരുമേലിയിലെ പ്രധാന പോയിന്റുകളിലും ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കൗണ്ടറുകള്‍ തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post