തിരുവനന്തപുരം: ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാമതാണെന്നത് അഭിമാനാര്‍ഹമാണെന്ന് ഗവര്‍ണര്‍. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ദേശീയ ബാലാവകാശ വാരാഘോഷത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകള്‍ ബാല സൗഹൃദമാകണം. എം പി മാരും എം എല്‍ എ മാരും വികസനഫണ്ടുകള്‍ ഉപയോഗിച്ച് സ്‌കൂളുകളില്‍ നിലവാരമുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാവണം. നിയമാനുസൃതം 25 പെണ്‍കുട്ടികള്‍ക്കും 14 ആണ്‍കുട്ടികള്‍ക്കും വീതം സ്‌കൂളുകളില്‍ പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ടാവേണ്ടതാണ്. പക്ഷേ പല സ്‌കൂളുകളിലും ഈ സൗകര്യങ്ങളില്ല. സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ ബാല സൗഹൃദകെട്ടിടങ്ങള്‍ നിര്‍ബന്ധമാക്കേണ്ടതുണ്ട്. ചൈല്‍ഡ് സേഫ്ടി പ്രോട്ടോകോള്‍ സ്‌കുളുകളില്‍ ഉണ്ടാകണം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തില്‍ നിരന്തരം ബാലാവകാശ ലംഘനങ്ങളും ലൈംഗിക ചൂഷണങ്ങളും നടക്കുന്നുണ്ടെങ്കിലും പലരും ഇത് പുറത്തു പറയുന്നില്ല. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കിയാല്‍ മാത്രമേ അവരുടെ വ്യക്തി വികാസം പരിപൂര്‍ണമാകൂ എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും ബാലാവകാശ കമ്മിഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും പരാതി ഓണ്‍ലൈനായി നല്‍കുന്ന സംവിധാനത്തിന്റെയും ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. ഇരുള ഭാഷയില്‍ പഠനസഹായി തയ്യാറാക്കാന്‍ കമ്മിഷനെ സഹായിച്ച അട്ടപ്പാടിയിലെ പ്രവര്‍ത്തകരെ ഗവര്‍ണര്‍ അനുമോദിച്ചു. ആസൂത്രണബോര്‍ഡ് അംഗം സി പി ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭ കോശി, അംഗങ്ങളായ ജെ.സന്ധ്യ, മീന സി.യു., ഐ ടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ് സഫീറുള്ള എന്നിവര്‍ സംബന്ധിച്ചു.
Discussion about this post