അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുക എന്നത് ഓരോ യഥാര്‍ത്ഥ ഭാരതീയന്റെയും സ്വപ്നമാണ്. വിദേശ മുസ്ലീം ആക്രമണകാരികള്‍ ശ്രീരാമ ജന്മഭൂമിയില്‍ ഉയര്‍ത്തിയ ബാബറി മസ്ജിദ് എന്ന കെട്ടിടം ഭാരതീയന്റെ ആത്മാഭിമാനത്തിനു നേരെ നോക്കി നൂറ്റാണ്ടുകളോളം കൊഞ്ഞനംകുത്തി. ഒടുവില്‍ ദേശസ്‌നേഹികളുടെ അചഞ്ചലമായ മുന്നേറ്റത്തിന് മുന്നില്‍ അത് നിലംപൊത്തുമ്പോള്‍ ഭാരതത്തിന്റെ ആത്മാവാണ് രോമാഞ്ചമണിഞ്ഞത്. എന്നാല്‍ ശ്രീരാമക്ഷേത്രം എന്ന സ്വപ്നം ഇന്നും യാഥാര്‍ത്ഥ്യമായില്ല. അതിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച വിശ്വഹിന്ദുപരിഷത്തിന്റെ എല്ലാമെല്ലാമായിരുന്ന അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞ വാക്കുകള്‍ ഓരോ ഭാരതീയനും നെഞ്ചിലേറ്റേണ്ടതാണ്.
ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സമൂഹത്തിന്റെയാകെ ദൗത്യമാക്കി മാറ്റണമെന്നാണ് സര്‍സംഘചാലക് ആഹ്വാനം ചെയ്തത്. രോഗബാധിതനായി ആശുപത്രിയില്‍ കിടന്ന സിംഘാളിനെ കാണാന്‍ ചെന്നപ്പോള്‍ രണ്ടു കാര്യങ്ങളാണ് തന്നോട് പറഞ്ഞതെന്നാണ് സിംഗാളിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഭാഗവത് പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണവും വേദപ്രചരണവുമാണ് അത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതായിരിക്കുമെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മഹര്‍ഷി അരവിന്ദന്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം ശരിയാകുന്ന തരത്തിലാണ് കാര്യങ്ങല്‍ മുന്നോട്ടുപോകുന്നത്. ലോകത്തിന്റെ ഗുരുസ്ഥാനത്തേക്ക് ഭാരതം പ്രയാണം ആരംഭിച്ചുകഴിഞ്ഞു. വേദങ്ങളാണ് ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. അതില്‍ നിന്നാണ് ഉപനിഷത്തുക്കളും പുരാണേതിഹാസങ്ങളുമൊക്കെ രൂപപ്പെട്ടത്. വേദങ്ങളില്‍ അടങ്ങിയിരിക്കുന്ന സത്ത ഇന്നുംപാശ്ചാത്യലോകത്തിന് ശരിക്കും അറിയില്ല. അതുകൊണ്ടാണ് വേദപ്രചാരണം ഒരു ദൗത്യമായി ഏറ്റെടുക്കാന്‍ സര്‍സംഘചാലകിനോട് സിംഗാള്‍ജി ആവശ്യപ്പെട്ടത്.
അയോദ്ധ്യയെന്നത് ഭാരതമെന്ന മഹത്തായ രാഷ്ട്രത്തിന്റെ ആത്മാവിന്റെ കേന്ദ്രബിന്ദുവാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരത സംസ്‌കാരത്തിന്റെ മഹിമ ഉദ്‌ഘോഷിക്കുന്നവയാണ് രാമായണവും മഹാഭാരതവും. രാമായണമില്ലത്ത ഭാരതം നമുക്ക് അചിന്തനീയമാണ്. രാമന്‍ ചരിത്ര പുരുഷന്‍ മാത്രമല്ല ഭാരതത്തിന്റെ സംസ്‌കൃതിയെ രൂപപ്പെടുത്തിയ എല്ലാക്കാലത്തേക്കുമുള്ള മാതൃകാ പുരുഷനാണ്. ആ രാമന്റെ ജന്മഭൂമിയില്‍ ഒരു ക്ഷേത്രം ഉയരുക എന്നത് ഈ മഹത്തായ രാഷ്ട്രത്തിന്റെ പൈതൃകത്തെ സംരക്ഷിക്കുക എന്ന ധര്‍മ്മമാണ്. അതില്‍ നിന്ന് ഒരു ഭാരതീയനും പിന്നോട്ടുപോകാനാവില്ല. ഭാരതത്തിന്റെ ആത്മകേന്ദ്രീകൃതമായ പുണ്യഭൂമിയാണ് അയോധ്യയെന്ന് ആക്രമണകാരിയായ ബാബറിന് അറിയാമായിരുന്നതുകൊണ്ടാണ് ആ സ്ഥലത്തു തന്നെ മസ്ജിദ് ഉയര്‍ത്തിക്കൊണ്ട് ഈ രാഷ്ട്രത്തിന്റെ ഹൃദയം വ്രണപ്പെടുത്തിയത്.
രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ശ്രമമാരംഭിച്ചിട്ട് നൂറ്റാണ്ടാകളായി. എന്നാല്‍ നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങി ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായില്ല. കേവലം നിയമത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല രാമക്ഷേത്ര നിര്‍മ്മാണം. അത് നിര്‍വ്വഹിക്കപ്പെടേണ്ടത് ഭാരതമെന്ന രാഷ്ട്രത്തിന്റെ പ്രയാണത്തില്‍ അനിവാര്യമായ ഘടകമാണ്. സോമനാഥ ക്ഷേത്രം സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചതുപോലെ രാമക്ഷേത്ര നിര്‍മ്മാണവും നടത്തണം.
രാമക്ഷേത്ര നിര്‍മ്മാണം കേവലം ഹിന്ദുക്കളുടെ മാത്രം ആവശ്യമല്ല.ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ കേന്ദ്രസ്ഥാനത്താണ് ശ്രീരാമനും അയോധ്യയും. ഭാരതത്തിന്റെ പൈതൃകം നിലനിര്‍ത്തണമെങ്കില്‍ രാമക്ഷേത്രം പണിഞ്ഞേ മതിയാകൂ. അതിലൂടെ ഈ രാഷ്ട്രത്തിന്റെ അഭിമാനം വീണ്ടെടുത്തുകൊണ്ട് ജഗദ്ഗുരു പഥത്തിലേക്കുള്ള ഈ പുരാതന രാഷ്ട്രത്തിന്റെ പ്രയാണം ത്വരിതപ്പെടുത്തണം.
Discussion about this post