ശബരിമല: വിവിധ രോഗകാരണങ്ങളാല്‍ സന്നിധാനത്ത് മരണമടയുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ അടിയന്തരമായി മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ സന്നിധാനത്ത് തുടങ്ങും. കാനനപാതയില്‍ നിലവിലുള്ള 21 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ക്കു പുറമെയാണിത്.
വിദഗ്ധ പരിശീലനം ലഭിച്ച 79 പേരാണ് വിവിധ സെന്‍ററുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ 42 ഹൃദ്രോഗ മരണങ്ങളില്‍ 18 എണ്ണം സന്നിധാനത്തായിരുന്നു. ഇക്കൊല്ലം ഇതുവരെ നാലുപേര്‍ സന്നിധാനത്ത് മരണമടഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവിടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍റര്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. മാളികപ്പുറം നടപ്പന്തല്‍, പതിനെട്ടാംപടിക്കു താഴെ, മരാമത്തിനടുത്തുള്ള ഫയര്‍ഫോഴ്സ് യൂണിറ്റിനു സമീപം എന്നിവിടങ്ങളിലാവും സെന്‍ററുകള്‍ തുടങ്ങുക. ഒന്‍പത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 40 നഴ്സിംഗ് വിദ്യാര്‍ഥികളും 30 അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാരുമാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്നതിന് പരിശീലനം നേടിയത്. തിരുപ്പതി ക്ഷേത്രത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളുടെ മാതൃകയാണ് പിന്തുടരുന്നത്. ശ്വാസതടസം ഒഴിവാക്കി അടിസ്ഥാന ജീവന സഹായം നല്‍കുകയാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ചെയ്യുക. പരിശീലനം ലഭിച്ച ആര്‍ക്കും ഇത് ചെയ്യാനാവും. അസ്വസ്ഥതയുണ്ടായി ആദ്യ മൂന്ന് മിനിട്ടുകള്‍ നിര്‍ണായകമാണ്. ഈ സമയത്ത് അടിസ്ഥാന ജീവന സഹായം ലഭ്യമാക്കിയാല്‍ മരണം തടയാനാവും. ആശുപത്രികളിലെത്തിക്കാന്‍ സാവകാശം ലഭിക്കുകയും ചെയ്യും. ഓരോ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററിലും 20,000 രൂപയുടെ ഉപകരണങ്ങളും എമര്‍ജന്‍സി മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും പൂര്‍ണ സജ്ജമാക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളെയും പമ്പയിലെ ആരോഗ്യ കേന്ദ്രത്തേയും അയ്യപ്പസേവാസംഘം വോളണ്ടിയര്‍ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ബി.എസ്.എന്‍.എലിന്‍റെ ഹോട്ട്ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉടന്‍ സ്ട്രക്ചര്‍ എത്തിക്കാനും അടിസ്ഥാന ജീവന സഹായം നല്‍കാനും ഇതിനാല്‍ സാധിക്കുന്നു.
എമര്‍ജന്‍സി കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പോണ്ടിച്ചേരി ജിപ്മറിന്‍റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ശബരിമലയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിച്ചിരിക്കുന്നത്. എമര്‍ജന്‍സി സെന്‍ററുകള്‍ക്കു പുറമെ പമ്പയില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ടെലിമെഡിസിന്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഇവിടെയെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്, പോണ്ടിച്ചേരി ജിപ്മര്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം ഓണ്‍ലൈനിലൂടെ തേടിയശേഷം ചികിത്സ നല്‍കാനും സംവിധാനമുണ്ട്.
Discussion about this post