പത്തനംതിട്ട: ഇരുപതാമത് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പത്തനംതിട്ട വേദിയാകുന്നു. 2016 ഫെബ്രുവരി 24 മുതല്‍ 27 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഒന്‍പത് വിഭാഗങ്ങളിലായുള്ള മത്സരം നിലയ്‌ക്കല്‍-ളാഹ പാതയിലാണ് സംഘടിപ്പിക്കുന്നത്. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സൈക്ലിംഗ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
സീനിയര്‍ വിഭാഗത്തില്‍ 40,60,150,50 കിലോമീറ്റര്‍ മത്സരങ്ങളാണുള്ളത്. ഇതിനുപുറമെ 20 കിലോമീറ്റര്‍ ഓര്‍ഡിനറി സൈക്കിള്‍ മത്സരവും നടത്തും. സീനിയര്‍ വനിതാ വിഭാഗത്തില്‍ 30, 40, 100 കിലോമീറ്റര്‍ മത്സരങ്ങള്‍ നടക്കും. അണ്ടര്‍ 23, അണ്ടര്‍ 18, അണ്ടര്‍ 16, അണ്ടര്‍ 14 വിഭാഗങ്ങളിലാണ് മറ്റു മത്സരങ്ങള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളമാണ് ചാമ്പ്യന്മാര്‍. ഇക്കുറി കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ടീം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച സൈക്ലിസ്റ്റുകളും ചാമ്പ്യന്‍ഷിപ്പിനായി കേരളത്തിലെത്തും. ആദ്യമായാണ് വന മേഖലയില്‍ മത്സരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വന മേഖലയായതിനാല്‍ മത്സര ദിവസങ്ങളില്‍ നിലയ്‌ക്കല്‍-ളാഹ റൂട്ടില്‍ വനം വകുപ്പ് പ്രത്യേകം പട്രോളിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസുകളിലാണ് നിലയ്‌ക്കലിലെത്തിക്കുക. മത്സര നടത്തിപ്പിനുള്ള പ്രത്യേക കമ്മിറ്റികള്‍ റാന്നി എം.എല്‍.എ രാജു ഏബ്രഹാമിന്റെയും പത്തനംതിട്ട ജില്ലാ കളക്‌ടര്‍ എസ്.ഹരികിഷോറിന്റെയും അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. തിരുവല്ല സബ് കളക്‌ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, അസിസ്റ്റന്റ് കളക്‌ടര്‍ വി.ആര്‍ പ്രേംകുമാര്‍, കേരള സൈക്ലിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ്‌തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Discussion about this post