ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നുമാണ് ബാറുടമകള്‍ വാദിച്ചത്. എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമകള്‍ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.
സംസ്ഥാന സര്‍ക്കാറിനുവേണ്ടി കപില്‍ സിബലും വി. ഗിരിയും ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി എന്നിവരും ഹാജരായി.












