തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് ബാലറ്റ് യൂണിറ്റ് സര്‍ക്യൂട്ട് ബോര്‍ഡിലെ ഈര്‍പ്പം കാരണമാണെന്ന് ഉന്നതതല അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. മുന്നൂറില്‍പ്പരം ബാലറ്റ് യൂണിറ്റുകളാണ് പ്രസ് എറര്‍ മൂലം തകരാറിലായത്. ഇതുകാരണം ചില ബൂത്തുകളില്‍ പോളിംഗ് വൈകി ആരംഭിക്കുകയും തടസപ്പെടുകയും ചെയ്തിരുന്നു. 114 ബൂത്തുകളില്‍ റീപോളിംഗും ആവശ്യമായി വന്നു.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ആര്‍. ശ്രീവത്സന്‍, സീഡാക് ഡയറക്ടര്‍ ജനറല്‍ പ്രൊഫ. രജത് മൂന, സീഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. രമണി എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്ക് തകരാറില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. ആകെയുള്ള 1.12 ലക്ഷം ബാലറ്റ് യൂണിറ്റുകളില്‍ ഒരു ബാച്ചില്‍പ്പെട്ട ഇരുപതിനായിരത്തോളം യൂണിറ്റുകളിലെ സര്‍ക്യൂട്ട് ബോര്‍ഡ്, ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യതയുണ്ടെന്നുള്ള അന്വേഷണ കമ്മീഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ആ ബാച്ചിലെ മുഴുവന്‍ ബാലറ്റ് യൂണിറ്റുകളുടെ സര്‍ക്യൂട്ട് ബോര്‍ഡിലും ആവശ്യമായ ക്രമീകരണം നടത്താന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.
Discussion about this post