തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയും അനുബന്ധപ്രദേശങ്ങളും. പെരുമാതുറ-മുതലപ്പൊഴി പ്രദേശത്തിന്റെ ടൂറിസം വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരുമാതുറ പാലം വന്നതോടെ കാഴ്ചക്കാരായി എത്തുന്നവര്‍ നിരവധിയാണ്. കടലും കായലും സംഗമിക്കുന്ന മുതലപ്പൊഴിയുടെ ടൂറിസം സാധ്യതകളും ഏറെയാണ്. മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വ്വീസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ കായല്‍ എന്നിവയുമായി ബന്ധിപ്പിക്കാനായാല്‍ സംസ്ഥാനത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായി ഇവിടം മാറും.
നിലവില്‍ പുളിമൂട്ടില്‍ കടവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ബോട്ട് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് സഫാരി ബോട്ടും നാല് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. ഈ സര്‍വ്വീസ് കൂടി ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്താം. സാഹസിക ടൂറിസം പദ്ധതിയാണ് പെരുമാതുറയില്‍ പ്രധാനമായും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അലങ്കാരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, ബോട്ട് സര്‍വ്വീസ്, ബോട്ട് ജെട്ടി എന്നിവയും ഇവിടെ സ്ഥാപിക്കും. ടൂറിസം രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള പ്രദേശമാണ് പ്രകൃതി രമണീയമായ അകത്തുമുറി കായലിലെ പൊന്നുംതുരുത്ത് ദ്വീപ്. അകത്തുമുറിയും കാപ്പില്‍ കായലുമായി ബന്ധിപ്പിക്കുന്ന വര്‍ക്കല തുരപ്പ് ഒരുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന പ്രധാന ജലപാതയായിരുന്നു. ടി.എസ് കനാല്‍ വഴി കാപ്പില്‍, അകത്തുമുറി, അഞ്ചുതെങ്ങ്, കഠിനംകുളം, ചാക്ക, കോവളം വരെ എത്തുന്ന ജലപാതയും ഉണ്ടായിരുന്നു. വാണിജ്യബന്ധങ്ങള്‍ പലതും ഈ മാര്‍ഗത്തിലൂടെയായിരുന്നു. ചരിത്രപസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, ആറ്റിങ്ങല്‍ കൊട്ടാരം എന്നിവയും കായല്‍ മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന പ്രധാന സ്ഥലങ്ങളാണ്.
വേളി കായലിലേതു പോലെ പായലോ മറ്റു തടസ്സങ്ങളോ ഇവിടെയില്ല. നല്ല നീരൊഴുക്കുള്ള പ്രദേശവുമാണ്. പുളിമൂട്ടില്‍ കടവിലെ ബോട്ട് ക്ലബ്ബും പെരുമാതുറയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയും കൂടിയാകുമ്പോള്‍ ഇത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നതില്‍ സംശയമില്ല.
Discussion about this post