മധുര: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി പ്രത്യേക ഡ്രസ് കോഡ് നിലവില്‍ വന്നു. ഇക്കാര്യം വ്യക്തമാക്കികൊണ്ടു ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് നടപ്പിലായിട്ടുള്ളത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജസ്റ്റീസ് എസ്. വൈദ്യനാഥന്‍ രണ്ടാഴ്ച മുമ്പ് ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളിലെത്തുന്നവര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ആത്മീയാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാതെ തരമില്ലെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. സ്ത്രീകള്‍ക്ക് സാരിയും ചുരിദാറും ഹാഫ് സാരിയുമാകാം. എന്നാല്‍ ജീന്‍സും ലെഗിന്‍സും കുട്ടിപ്പാവാടയും ധരിക്കാന്‍ പാടില്ല. പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ പൈജാമ ധരിക്കാം. ലുങ്കിയും ബര്‍മൂഡയും അനുവദിക്കില്ല. കുട്ടികള്‍ക്ക് ഏതു വസ്ത്രവും ധരിക്കാം. എന്നാല്‍ ശരീരം പൂര്‍ണമായും മറഞ്ഞിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
Discussion about this post