ശ്രീഹരിക്കോട്ട:ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ബി ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ധ്രുവ ഉപഗ്രഹവിക്ഷേപണവാഹനം പി.എസ്.എല്‍.വി.സി15 കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ അഞ്ച് ഉപഗ്രഹങ്ങളെ വഹിച്ച് രാവിലെ 9.22നാണ് കുതിച്ചുയര്‍ന്നത്.
കാര്‍ട്ടോസാറ്റ്2 ബിയ്ക്കുപുറമേ അല്‍ജീരിയയുടെ അല്‍സാറ്റ്, കാനഡയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും നാനോ ഉപഗ്രഹങ്ങള്‍, ആന്ധ്രപ്രദേശിലെയും കര്‍ണാടകയിലെയും ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്നുനിര്‍മിച്ച വളരെ ചെറിയ ഉപഗ്രഹമായ സ്റ്റുഡ്‌സാറ്റ് എന്നിവയാണ് പി.എസ്.എല്‍.വി.സി15 ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.
ഐ.എസ്.ആര്‍.ഒ.യുടെ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി.സി15 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ്‌സെന്ററിലെ ആദ്യവിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹങ്ങളെയുംവഹിച്ച് കുതിച്ചത്.
നഗരാസൂത്രണം, അടിസ്ഥാനസൗകര്യവികസനം, ഹൈവേകളുടെ ഗതിമാറ്റം, റിങ് റോഡുകളുടെ ക്രമീകരണം ഇവയ്ക്കാവശ്യമായ ഭൂപടനിര്‍മിതിയില്‍ കാര്‍ട്ടോസാറ്റ്2ബി ഇന്ത്യയെ സഹായിക്കും. മുന്‍ഗാമികളായ കാര്‍ട്ടോസാറ്റ്2, 2എ എന്നിവയിലെപ്പോലെ കാര്‍ട്ടോസാറ്റ് 2ബിയിലും എല്ലാ നിറങ്ങളും യഥാര്‍ഥ തീവ്രതയോടെ പകര്‍ത്തുന്ന ക്യാമറകളുണ്ട്. ഒരു മേഖലയുടെ 9.6 കിലോമീറ്റര്‍ ദൃശ്യം 0.8 മീറ്റര്‍ സൂക്ഷ്മതയോടെ പകര്‍ത്താന്‍ ഉപഗ്രഹത്തിനാകും. ഉപഗ്രഹത്തിനുള്ളിലെ റിക്കാര്‍ഡറിന് 64 ജിഗാബൈറ്റ് ശേഷിയുണ്ട്. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉപഗ്രഹത്തില്‍ സൂക്ഷിച്ച് ഗ്രൗണ്ട്‌സ്‌റ്റേഷന് ലഭ്യമാക്കും.
തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ എന്ന നേട്ടം കഴിഞ്ഞ ഏപ്രിലില്‍ വിളിപ്പാടകലെയാണ് പരാജയപ്പെട്ടത്. ഐ.എസ്.ആര്‍.ഒ.യുടെ സ്വപ്നതുല്യമായ പദ്ധതികൂടിയായിരുന്നു ഇത്. എന്നാല്‍ ഈ പരാജയം ഇന്ത്യന്‍ സ്‌പേസ് ഗവേഷണസംഘടനയെ തളര്‍ത്തിയില്ലെന്നതിനു തെളിവാണ് കാര്‍ട്ടോസാറ്റ്2ബിയുടെ വിക്ഷേപണം. ഉപഗ്രഹങ്ങളുംവഹിച്ചുള്ള പി.എസ്.എല്‍.വി.യുടെ 17ാമത് വിക്ഷേപണയാത്രയാണിത്.
Discussion about this post