മണ്ണാര്‍ക്കാട്: പത്താന്‍കോട്ടിലെ എയര്‍ബേസ് ക്യാമ്പില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കളരിക്കല്‍ വീട്ടുവളപ്പില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം ധീരയോദ്ധാവിന് യാത്രാമൊഴി നല്‍കി. ചൊവ്വാഴ്ച രാവിലെ എളമ്പുലാശേരി കെഎം യുപി സ്‌കൂളില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് വീട്ടിലെത്തിച്ചത്.
വായുസേനയുടെ ഹെലികോപ്റ്ററില്‍ ബംഗളൂരുവില്‍നിന്നു പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. വിക്‌ടോറിയ കോളജില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആറേകാലോടെ തറവാടുവീടായ കളരിക്കല്‍ വീട്ടില്‍ മൃതദേഹമെത്തിച്ചു. തുടര്‍ന്നു വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിനുപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അടക്കം വന്‍ജനാവലി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post