ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി തളളി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ചു പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. ഇതിനുസുപ്രീംകോടതി സ്റ്റേ ചെയ്തു. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ), വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരാണു സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കൃത്യമായ ട്രാക്കില്‍ രണ്ടു കിലോമീറ്റര്‍ ദൂരം മാത്രം കാളവണ്ടിയോട്ടം സംഘടിപ്പിക്കാമെന്നു വെള്ളിയാഴ്ച പുറത്തിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നു. അനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ കാളകളെ മാത്രമേ ഓട്ടത്തില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഇവയാണ് സുപ്രീംകോടതി നിരുപാധികം തള്ളിയത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിനു ചേര്‍ന്നതല്ല ജെല്ലിക്കെട്ടെന്നും മൃഗങ്ങളെ ഇത്ര മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന വിനോദം അനുവദനീയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് വിശദമായ വിധി പ്രഖ്യാപിച്ചിരുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post