തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയില്‍ 2016 ജനുവരി ഒമ്പത് വരെ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടി രൂപയും (കാരുണ്യ-2562.22, കാരുണ്യ പ്ലസ്-1296.11) അറ്റാദായം 776.70 കോടി (കാരുണ്യ-535.99, കാരുണ്യ പ്ലസ്-240.71) രൂപയുമാണെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അറ്റാദായമാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്.
സ്‌കീം ആരംഭിച്ചതു മുതല്‍ 2015 ഡിസംബര്‍ 31 വരെ ചികിത്സാ സഹായമായി 692.61 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നാളിതുവരെയായി 57.05 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ വിതരണം ചെയ്തു. സ്വകാര്യ ആശുപത്രികള്‍ക്ക് സമര്‍പ്പിച്ച 15.37 കോടി രൂപയുടെ ക്ലയിമുകള്‍ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക ഉടന്‍തന്നെ സമയബന്ധിതമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍തന്നെ അനുവദിക്കും. എന്നാല്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്‍കൂറായി തന്നെ പണം അനുവദിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതിയില്‍ നിന്ന് ഒരു ആശുപത്രിയും ഇതുവരെ പിന്മാറിയതായി സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മഹത്തായ ദേശീയ മാതൃകയെന്ന് അംഗീകാരം നേടിയ കാരുണ്യ പദ്ധതി പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമഫലമാണ് ഇതു സംബന്ധിച്ച തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളെന്നും ലോട്ടറി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post