ന്യൂഡല്‍ഹി: ഒറ്റഇരട്ട വാഹനനിയന്ത്രണം വിജയകരമാക്കിയ ഡല്‍ഹി നിവാസികള്‍ക്ക് നന്ദിപറയാനായി വിളിച്ചുചേര്‍ത്ത റാലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുനേരേ യുവതി കറുത്ത മഷിയെറിഞ്ഞു. ‘ആം ആദ്മി സേന’ എന്ന സംഘടനയുടെ പഞ്ചാബിലെ പ്രവര്‍ത്തകയാണെന്ന് അവകാശപ്പെട്ട് ഭാവന അറോറയാണ് മഷിയെറിഞ്ഞത്. യുവതിയുടെ പരാതികേട്ടശേഷം വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓട്ടോറിക്ഷാ പെര്‍മിറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമെന്ന് കരുതുന്നു. ഓട്ടോെ്രെഡവറായ ബന്ധുവിനുവേണ്ടിയാണ് മഷിയെറിഞ്ഞതെന്ന് യുവതി പറഞ്ഞതായി സൂചനയുണ്ട്.
ഛത്രസാല്‍ സ്‌റ്റേഡിയത്തിലാണ് സംസ്ഥാനസര്‍ക്കാറിന്റെ നന്ദിപ്രകടന റാലി സംഘടിപ്പിച്ചത്. പ്രസംഗപീഠത്തിലും അരികില്‍നിന്ന ജീവനക്കാരുടെ ദേഹത്തുമാണ് മഷി പതിച്ചത്. സംഭവം നടന്നയുടന്‍ പോലീസ് യുവതിയെ സംഭവസ്ഥലത്തുനിന്ന് നീക്കി. ആം ആദ്മി പാര്‍ട്ടിക്കാര്‍ക്ക് സി.എന്‍.ജി. അഴിമതിയില്‍ പങ്കുണ്ടെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പോലീസ് കൊണ്ടുപോകുന്നതിനിടയില്‍ യുവതി വിളിച്ചുപറയുകയും കടലാസുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
രേഖകള്‍ നോക്കിയശേഷം പരാതി സ്വീകരിച്ച് യുവതിയെ വിട്ടയയ്ക്കാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കി. നല്ലകാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഇങ്ങനെ ചിലത് ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Discussion about this post