പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആചാരങ്ങളും അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി ഉത്തരവാദിത്തം നിറവേറ്റും. ആചാരനുഷ്ഠാനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ അപ്പം, അരവണ വിതരണം, ഭണ്ഡാരം എന്നിവയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യും. ഭണ്ഡാരത്തിലെ ജീവനക്കാരെ സ്കാനറിലൂടെയായിരിക്കും പ്രവേശിപ്പിക്കുക. നാണയങ്ങളും നോട്ടുകളും വേര്‍തിരിക്കുന്നതിന് കണ്‍വെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. കാണിക്ക, അന്നദാനം, നിവേദ്യം, പൂജകള്‍ തുടങ്ങിയവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കുന്നതിനും അയ്യപ്പന്‍മാര്‍ സന്നിധാനത്തെത്തുന്ന ദിവസം പ്രസാദം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.
ദേവസ്വം ബോര്‍ഡിന്‍റെ വെബ്സൈറ്റും ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന വിധം പുനഃക്രമീകരിക്കും. ഇത്തവണത്തെ തീര്‍ഥാടനം വലിയ വിജയമായിരുന്നു. സംസ്ഥാന സര്‍ക്കാരും വിവിധ വകുപ്പുകളും മാധ്യമങ്ങളും തീര്‍ഥാടനം മികച്ച രീതിയില്‍ നടത്തുന്നതിന് സഹായിച്ചു. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഈ ആഴ്ച തീരുമാനമെടുക്കും. അടുത്ത തീര്‍ഥാടന കാലത്ത് പന്തളത്തു നിന്നും സന്നിധാനത്ത് തിരുവാഭരണ ഘോഷയാത്രയോടൊപ്പം എത്തുന്ന ഭക്തര്‍ക്ക് തിരുമുറ്റത്ത് സുഖദര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് ബാഡ്ജ് നല്‍കും. അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പായി വിശുദ്ധ തിരുവാഭരണ പാത പ്രഖ്യാപനം നടത്തും. തിരുവാഭരണ പാതയുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് മുറിഞ്ഞുപോയ ഭാഗങ്ങള്‍ വീണ്ടെടുക്കും. തിരുവാഭരണ ഘോഷയാത്ര ളാഹയിലെത്തുമ്പോള്‍ വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കും. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post