തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) പുതിയ നേതൃത്വത്തിന് തിരുവനന്തപുരത്ത് വരവേല്‍പ്.
മസ്‌ക്കറ്റ് ഹോട്ടലില്‍, ഫോമ നേതാക്കള്‍ക്ക് അഭിവാദനവും അഭിനന്ദനവുമായി മന്ത്രിമാരടക്കം, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെത്തി. സംസ്‌ഥാന മന്ത്രിമാരായ ബിനോയി വിശ്വം, ജോസ് തെറ്റയില്‍, സുരേന്ദ്രന്‍ പിള്ള, എന്‍. കെ. പ്രേമചന്ദ്രന്‍, ജനപ്രതിനിധികളായ എം. മുരളി, മോന്‍സ് ജോസഫ്, രാജു ഏബ്രഹാം, കെടിഡിസി. ചെയര്‍മാന്‍ ചെറിയാന്‍ കെ. ഫിലിപ്പ്, പ്രതിപക്ഷ ഉപ നേതാവ് ജി. കാര്‍ത്തികേയന്‍, ചേംമ്പര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി രഘുചന്ദ്രന്‍ നായര്‍, കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍ എസ്. ശക്‌തിധരന്‍ നായര്‍, ദൃശ്യ മാധ്യരംഗത്തെ പ്രമുഖര്‍ സന്ദര്‍ശനത്തിനെത്തി. ഡോ.രമ നായരുടെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തിന് പത്രപ്രവര്‍ത്തക യുണിയന്‍ പ്രസിഡന്റ് ആര്‍. അജിത്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് മന്ത്രി ബിനോയി വിശ്വം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
ഫോമയുടെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തെ പ്രശംസിച്ച മന്ത്രി, പാവപ്പെട്ടവര്‍ക്ക്, ഭവന നിര്‍മാണം നടത്തുന്ന ജീവകാരുണ്യപദ്ധതി തുടരണമെന്നും അഭ്യര്‍ത്ഥിച്ചു.
മന്ത്രിമാരായ ജോസ് തെറ്റയില്‍, സുരേന്ദ്രന്‍ പിള്ള, എന്‍. കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഈയിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ചു സംസാരിച്ച ജോസ് തെറ്റയില്‍, അമേരിക്കന്‍ മലയാളികള്‍ അവരുടെ ദൈനദിന ജീവിത തിരക്കുകള്‍ക്കിടയിലും, മലയാളത്തനിമ സൂക്ഷിക്കുന്നവരാണെന്ന് പ്രസ്‌താവിച്ചു. തുറമുഖ, യുവജന ക്ഷേമ മന്ത്രിയായ സുരേന്ദ്രന്‍ പിള്ള, ഫോമ യുവജനങ്ങള്‍ക്ക് നല്‍കുന്ന പ്രാതിനിധ്യം യൂത്ത് ലീഡര്‍ഷിപ്പ് സമ്മിറ്റ് എന്നിവയെ പ്രശംസിച്ച് സംസാരിച്ചു.
എംഎല്‍എമാരായ പന്തളം സുധാകരന്‍, മോന്‍സ് ജോസഫ്, എം. മുരളി, രാജു ഏബ്രഹാം തുടങ്ങിയവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഭരണ പ്രതിപക്ഷ വ്യത്യാസങ്ങളില്ലാതെ, കേരളത്തിലെ എല്ലാവരുടെയും പിന്തുണ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരിക്കുമെന്ന് ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള എംഎല്‍എമാര്‍ പറഞ്ഞു. ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ സെക്രട്ടറി രഘുചന്ദ്രന്‍ നായരും പ്രസംഗിച്ചു.
മറുപടി പ്രസംഗം നടത്തിയ ഫോമയുടെ പ്രസിഡന്റ് തങ്ങളുടെ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ഫോമയുടെ സെക്രട്ടറി ബിനോയി തോമസ് ജന്മനാട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച ആദരവുകള്‍ക്കും സ്‌നേഹവായ്‌പുകള്‍ക്കും നന്ദി പ്രകാശനം നടത്തി.
Discussion about this post