തലശ്ശേരി: മനോജ് വധക്കേസില്‍ സിബിഐയെ വിരട്ടാന്‍ ശ്രമിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയ്ക്കിടെ തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചു സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പല അഴിമതി വിഷയങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സിപിഎം നേതാക്കള്‍ മനോജ് വധക്കേസില്‍ ചെന്നിത്തലയുടെ പോലീസിനെ വിശ്വാസമാണെന്ന് പറയുന്നത് സംശയാസ്പദമാണെന്നും കുമ്മനം പ്രതികരിച്ചു.
ടിപി വധമുള്‍പ്പടെയുള്ള കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മനോജ് വധക്കേസിലെ നിലപാടെന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്. സിബിഐ അന്വേഷണത്തെ വിഎസ് അനൂകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐയെ വിരട്ടി കൂടെ നിര്‍ത്താന്‍ കഴിയുന്ന കാലം കഴിഞ്ഞെന്ന് സിപിഎം ഓര്‍ക്കണമെന്നും കുമ്മനം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നാണ് ബിജെപിയുടെ നിലപാടെന്നും യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Discussion about this post