തൃശൂര്‍: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കോടതി. തൃശൂര്‍ വിജിലന്‍സ് കോടതിയാണു മന്ത്രിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് അന്വേഷിക്കണമെന്നാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതിവേഗ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടാണു വിജിലന്‍സ് ഇന്നു കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വിജിലന്‍സിനു സത്യസന്ധതയും ആത്മാര്‍ഥതയും ഇച്ഛാശക്തിയും ഇല്ലാതായോ എന്നു കോടതി ചോദിച്ചു. പരാതി ലഭിച്ച ശേഷം മന്ത്രിയുടെ വീടും ആസ്തിയും വിജിലന്‍സ് പരിശോധിച്ചോയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണു പരാതിക്കാരന്‍ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. പരാതി ലഭിച്ചിട്ടു നാളിതുവരെ വിജിലന്‍സ് എന്തു നടപടിയാണെടുത്തതെന്നും കോടതി ആരാഞ്ഞു.
ബാബുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയുടെ പക്കലാണ്. ഇതു ലഭിച്ച ശേഷം പഠിച്ച് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post