കൊച്ചി: എക്‌സൈസ് മന്ത്രി കെ. ബാബു രാജിവച്ചു. ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെ എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് നടന്ന വേദിയില്‍ തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറി.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമാണു തനിക്കെതിരായുണ്ടായ ആരോപണങ്ങളെന്നും ബാബു ആരോപിച്ചു. പൂട്ടിയ ബാറുകള്‍ തുറന്നുകൊടുക്കുമെന്നു ബാര്‍ ഉടമകളുമായി സിപിഎം രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു ഉറപ്പു നല്‍കാന്‍ സിപിഎം തയാറാണോയെന്നും ബാബു പത്രസമ്മേളനത്തില്‍ ചോദിച്ചു.












