ആലപ്പുഴ: ഹരിപ്പാട് സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിക്കായുള്ള ആദ്യഘട്ട ഭൂമിയേറ്റെടുക്കല്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെ 62 പേരുടെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.
നിലവില്‍ മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ആധാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. സ്ഥലം വിട്ടുകൊടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന സ്ഥലം ഏറ്റെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പതിന്നാലര ഏക്കര്‍ ഭൂമിയാണ് എടുക്കുന്നത്. ഭൂമി ഏറ്റെടുത്ത വകയില്‍ 15 ഇടപാടുകള്‍ പൂര്‍ത്തീകരിച്ചു. 15 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഇനി പതിനൊന്നേക്കറോളം ഭൂമി ഏറ്റെടുക്കാനുണ്ട്. ആദ്യഘട്ട ഭൂമിയേറ്റെടുക്കല്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുനരധിവാസത്തിനായി എത്ര ഏക്കര്‍ ഭൂമി വേണ്ടി വരും, എത്ര രൂപ ആവശ്യമായിവരും തുടങ്ങിയ വിശദാംശങ്ങള്‍ തയാറാക്കി നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗിമിക്കുന്നതായി ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ യോഗത്തില്‍ പറഞ്ഞു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.ആര്‍. ആസാദ്, ഡെപ്യൂട്ടി കളക്ടര്‍ (ഭൂമി ഏറ്റെടുക്കല്‍) രാജന്‍ സഹായ്, ജില്ലാ ലോ ഓഫീസര്‍ പി.ഒ. ജോസ്, ഡിസ്ട്രക്ട് ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍. സനല്‍കുമാര്‍, (ഭൂമി ഏറ്റെടുക്കല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എസ്. മുരളീധരന്‍പിള്ള, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ എന്‍.കെ. രമേശ്കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കരുവാറ്റ പഞ്ചായത്തിലെ 15 ഏക്കര്‍ ഭൂമിയിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. അഞ്ഞൂറുകിടക്കകളോടു കൂടിയ അത്യാധുനിക ആശുപത്രിയും വര്‍ഷം തോറും 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാവുന്ന മെഡിക്കല്‍ കോളജും അനുബന്ധസ്ഥാപനങ്ങളുമാണ് നിര്‍മിക്കുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡില്‍നിന്ന് 90 കോടി രൂപ അനുവദിച്ചിരുന്നു.
Discussion about this post