കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മച്ചാന്‍ വര്‍ഗീസിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. കൊച്ചി പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഏറെ നാളായി ചികിത്സയിലായിരുന്ന മച്ചാന്‍ വര്‍ഗ്ഗീസ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മച്ചാന്‍ വര്‍ഗ്ഗീസിന്റെ മൃതദേഹം കൊച്ചി എളമക്കരയിലെ മാടക്കരപ്പിള്ളി വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകനെ ഉള്ളുതുറന്ന് ചിരിപ്പിച്ച ചലച്ചിത്രപ്രതിഭയെയാണ് മച്ചാന്‍വര്‍ഗീസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സ്വാഭാവിക ഹാസ്യത്തിന്റെ വഴിയിലൂടെ പ്രേക്ഷകന്റെ ചിരി കവര്‍ന്നെടുന്ന നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്.
സ്വാഭാവിക ഹാസ്യത്തിന്റെ ആവരണത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ കൈയില്‍ കിട്ടിയ കഥാപാത്രങ്ങളെ അതുല്യമാക്കാന്‍ മച്ചാന്‍ വര്‍ഗീസിന് സാധിച്ചിരുന്നു. കഥാപാത്രസമ്പന്നത അനിവാര്യമായ ഹാസ്യപശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലെല്ലാം മാറ്റിനിര്‍ത്താനാകാത്ത മുഖമായിരുന്നു മച്ചാന്‍ വര്‍ഗീസ്.
മിമിക്രി വേദിയില്‍നിന്ന് സിനിമയിലെത്തി സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനായിരുന്നു മച്ചാന്‍ വര്‍ഗീസ്. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മവേഷങ്ങള്‍ അവതരിപ്പിച്ചു. സിദ്ദിഖ്-ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍നിന്ന് പിറന്ന സിനിമകളാണ് മച്ചാന്‍ വര്‍ഗീസിന് ശ്രദ്ധേയ വേഷങ്ങള്‍ നല്‍കിയത്. സിദ്ദിഖ് ലാലിന്റെ കാബൂളിവാലയാണ് ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം, മീശമാധവന്‍, ഫ്രണ്ട്സ്, പഞ്ചാബി ഹൗസ്, സി ഐ ഡി മൂസ, മാന്നാര്‍മത്തായി സ്പീക്കിംഗ്, തിളക്കം, ജലോത്സവം, തൊമ്മനും മക്കളും, കൊച്ചി രാജാവ്, ചതിക്കാത്ത ചന്തു തുടങ്ങിയവ അദ്ദേഹം വേഷമിട്ട സിനിമകളാണ്.
Discussion about this post