തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയിലിള്ളവര്‍ തിരുവനന്തപുരത്ത് നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കും. നേരത്തേ തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുകയും അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുമായ 610 പേരെക്കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക പുതുക്കുക. ഇതോടെ പ്രാഥമിക പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരതബാധിതര്‍ക്ക് ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിലൊന്നായി ദേശീയ മനാഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്ന മറ്റ് വൈകല്യങ്ങള്‍ ഉള്ളവര്‍ എന്ന വിഭാഗത്തെ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നാക്കി വിപുലപ്പെടുത്തും. ഇവര്‍ക്ക് രോഗത്തിന്റെ സ്വഭാവമനുസരിച്ച് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്ന ക്രമത്തില്‍ ധനസഹായം നല്‍കും. രോഗത്തിന്റെ സ്വഭാവവും സാമൂഹികമായ അവസ്ഥയും പരിഗണിച്ച് ഇവരുടെ പട്ടിക തയ്യാറാക്കുന്നതിന് ഡോ. ജയരാജിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. ഡോ. അഷ്‌റഫ്, ഡോ. അഷീന്‍ എന്നിവര്‍ അംഗങ്ങളാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് ഈ മാസം ഒടുവില്‍ കാസര്‍ഗോഡ് അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കടം എഴുതിത്തള്ളാന്‍ നേരത്തേയെടുത്ത തീരുമാനം വരുന്ന തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. കാസര്‍ഗോഡ് ജില്ലയില്‍ എവിടെയുമുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. നേരത്തെ കാസര്‍ഗോഡ് ജില്ലയില്‍ താമസിച്ചിരുന്നവരും ഇപ്പോള്‍ ജില്ലയ്ക്ക് പുറത്തുള്ളവരുമായവര്‍ക്കും ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാന്‍ ക്യാമ്പുകളില്‍ പങ്കെടുക്കാം. കാസര്‍ഗോഡ് ജില്ലയിലെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ ജോലിക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഇരുപതിനായിരം രൂപ പ്രത്യേക ഇന്‍സെന്റിവ് അനുവദിക്കാനും തീരുമാനമായി.
മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, വി.എസ്. ശിവകുമാര്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, സമരസമിതി നേതാക്കള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post