ന്യൂഡല്‍ഹി: കേരളത്തിലെ അധിവാസ പ്രദേശങ്ങളില്‍ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) നിര്‍ണയിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നു കേന്ദ്രം. ഗ്രാമങ്ങളായി കണക്കാക്കി മാത്രമേ ഇഎസ്എ ഏര്‍പ്പെടുത്താനാകൂവെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട് തുടരുന്നതിനിടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ് കത്തയയ്ക്കുമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനവാസ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിയാലോചനയില്‍ വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചു പരിസ്ഥിതി ലോല മേഖലയായി കണെ്ടത്തിയ 123 ഗ്രാമങ്ങളെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജനവാസ കേന്ദ്രങ്ങള്‍, കൃഷി ഭൂമി, തോട്ടങ്ങള്‍ എന്നിവയെ ഒഴിവാക്കി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതുക്കിയ കരട് വിജ്ഞാപനത്തില്‍ കേരളം നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ് ഇഎസ്എയിലുള്ളതെന്നും 9,107 ച.കി.മീ വനപ്രദേശവും 886.7 ച.കി.മീ വനേതര പ്രദേശവുമായ നിര്‍ദിഷ്ട ഇഎസ്എ പ്രദേശത്തിന്റെ ഭൂപടം സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണെ്ടന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post