കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന റോഡുകളില്‍ അടിയന്തിരമായി നടപ്പാതകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളതിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുമായി നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാകളക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും പൊതുമരാമത്തു വകുപ്പു സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ. ബി. കോശി നിര്‍ദേശിച്ചു.
കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. നഗരത്തില്‍ ഇപ്പോള്‍ കാല്‍നടക്കാര്‍ക്കു സഞ്ചരിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത സ്ഥിതിയാണ്. മെട്രോ റെയില്‍ നിര്‍മാണം കൂടിയായതോടെ കാല്‍നട വളരെ ദു:സഹമാണെന്നു മനസിലാക്കാന്‍ കഴിയുന്നു. മെട്രോ സ്റ്റേഷനുകള്‍ വന്നുകഴിയുമ്പോള്‍ അവിടേക്ക് സുഗമമായി എത്തണമെങ്കില്‍ നടപ്പാതകള്‍ അനിവാര്യമാണ്. റോഡില്‍ വാഹനങ്ങള്‍ മാത്രം മതിയെന്ന സ്ഥിതിയും ചിന്താഗതിയുമാണിപ്പോഴെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ മിക്ക നടപ്പാതകളിലും കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു. ഇതുകൂടാതെ വാഹനങ്ങള്‍ നടപ്പാതകളില്‍ കയറ്റി ഇടുകയും ചെയ്യുന്നു.
ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം കാല്‍നടക്കാര്‍ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. പ്രധാന റോഡുകളില്‍, പ്രത്യേകിച്ചും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളില്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തതു മൂലം റോഡ് കുറുകെ കടക്കാന്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു. മിക്കയിടങ്ങളിലും സിഗ്‌നലുകളും വേണ്ടത്രയില്ല. ഈ രണ്ടു കാര്യങ്ങളിലും സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ചു ഏപ്രില്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ര്‍ദേശിച്ചു. ഏപ്രില്‍ 22ന് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും
Discussion about this post