തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയും ഇതിനായി സമ്പൂര്‍ണ ആരോഗ്യകേരളം ട്രസ്റ്റ് രൂപീകരിച്ചും ഉത്തരവായി. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപവരെയുളള സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം.
ഓരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കും. ചിസ്,ചിസ്പ്ലസ് ആര്‍.എസ്.ബി.വൈ പദ്ധതികളിലും സമാനമായ ആരോഗ്യ പദ്ധതികളില്‍ അംഗമായിട്ടുളളവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പത്തുമുതല്‍ 30 ദിവസം വരെ മരുന്നുകള്‍ ഉള്‍പ്പെടെയുളള ചികില്‍സാ ചെലവുകളും ഈപദ്ധതി അനുസരിച്ച് ഗുണഭോക്താവിന് ലഭിക്കും. പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പദ്ധതി നടപ്പാക്കുക. അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ പദ്ധതിയിലൂടെ ലഭ്യമാകും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആശുപത്രികളെ പ്രത്യേക സമിതി പരിശോധിച്ച് പട്ടിക തയ്യാറാക്കും. പി.പി.പി മാത്യകയിലായിരിക്കും പദ്ധതി നടപ്പാക്കുക. തെലുങ്കാന സര്‍ക്കാരിന്റെ ആരോഗ്യശ്രീ ഐ.ടി പ്ലാറ്റ്‌ഫോറം പ്രയോജനപ്പടുത്തും.
സംസ്ഥാനത്തെ വീടികളില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ ശതമാനം കുടുംബങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവ് മൂലം ദാരിദ്ര്യത്തിലാവുന്നുവെന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് സാര്‍വ്വത്രികമായ ഈ ചികിത്സാ ധനസഹായ പദ്ധതി നടപ്പിലാകുന്നത്. പദ്ധതിനടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായും ധന, ആരോഗ്യ മന്ത്രിമാര്‍ വൈസ്‌ചെയര്‍മാന്‍മാരായും 13 അംഗ ട്രസ്റ്റിനും രൂപം നല്‍കിയിട്ടുണ്ട്. സമാനമായ ചികിത്സാ സഹായ പദ്ധതികളെയെല്ലാം ഈ ട്രസ്റ്റിനു കീഴില്‍ കൊണ്ടു വരും. തുടക്കത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ കൊണ്ടു വരും. കൂടാതെ പൊതു മണ്ഡലത്തില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികളില്‍ നിന്നും സോഷ്യല്‍ റെസ്‌പോസിബിലിറ്റി ഫണ്ടുകളില്‍ നിന്നും ട്രസ്റ്റ് ധനസമാഹരണം നടത്തും.
ഉത്തരവ് സംബന്ധിച്ച വിശദാംശം www.prd.kerala.gov.in – ല്‍ ലഭിക്കും.
Discussion about this post