* നെയ്യാറ്റിന്‍കര റവന്യൂ ടവറും ജില്ലാതല പട്ടയവിതരണവും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഭൂമി കൈവശമുള്ള പാവപ്പെട്ടവര്‍ക്ക് നിയമാനുസൃതമായ അവകാശം ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് പൂര്‍ത്തിയാകുമ്പോള്‍ രണ്ടുലക്ഷം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിനാകുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് പുതുതായി നിര്‍മ്മിച്ച ബഹുനില റവന്യൂ ടവര്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനായി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വകുപ്പെന്ന നിലയിലാണ് സേവനങ്ങള്‍ കൂടുതല്‍ ആധുനികവത്കരിച്ചത്. എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള സംവിധാനമായി. 24 സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ ലഭിക്കും. കഴിഞ്ഞ ആഗസ്റ്റില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോക്കുവരവിനുള്ള സംവിധാനം മാര്‍ച്ചിനുള്ളില്‍ 500 വില്ലേജുകളില്‍ നടപ്പാക്കും. ഓണ്‍ലൈന്‍ നികുതി അടയ്ക്കാനുള്ള സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ട് ഈമാസം കോട്ടയം ജില്ലയില്‍ ആരംഭിക്കും. ഇതിനുപുറമേ, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലും വിഴിഞ്ഞത്തുമായി 2000 ഓളം പട്ടയങ്ങളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. കാലങ്ങളായി താമസിക്കുന്ന ഭൂമിയില്‍ ഭാവിയിലേക്കുള്ള അവകാശമാണ് പട്ടയവിതരണത്തിലൂടെ ലഭിക്കുന്നതെന്ന് ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ആര്‍. ശെല്‍വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.ടി. ജോര്‍ജ്, ജമീലാ പ്രകാശം, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്‌ളിയു. ആര്‍. ഹീബ, നഗരസഭാപ്രതിപക്ഷ നേതാവ് ലളിത ടീച്ചര്‍, ഡെപ്യൂട്ടി കളക്ടര്‍ പത്മകുമാരി അമ്മ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ചടങ്ങില്‍ സ്വാഗതവും തഹസില്‍ദാര്‍ സാം എല്‍. സോണ്‍ കൃതജ്ഞതയും പറഞ്ഞു. പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുത്തുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 3.15 കോടി രൂപ ചെലവഴിച്ചാണ് താലൂക്ക് ഓഫീസിന്റെ മൂന്നുനിലയുള്ള മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
Discussion about this post