പത്തനംതിട്ട: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കുള്ള കാപ്പിപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലെ പായ്ക്കറ്റുകളില്‍ നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിലെ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റില്‍ യാതൊരുവിധ രേഖപ്പെടുത്തലുകളും ഇല്ലാതെ പഞ്ചസാര, അരി, പയര്‍ എന്നിവ പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് വച്ചതിനെതിരെ നടപടി സ്വീകരിച്ചു. പായ്ക്കറ്റുകളിലെ വില തിരുത്തിയതിനും രേഖപ്പെടുത്തലുകളൊന്നും ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചതിനും കോഴഞ്ചേരിയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കേസെടുത്തു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന പായ്ക്കറ്റുകളുടെ ഭാരം ഉപഭോക്താവിന് സ്വയം ബോധ്യപ്പെടുന്നതിന് സ്ഥാപനങ്ങളുടെ കൗണ്ടറില്‍ ഇലക്‌ട്രോണിക് ത്രാസുകള്‍ സൂക്ഷിക്കണമെന്നാണ് നിയമം. ഇത് പാലിക്കാതിരുന്നതിന് പത്തനംതിട്ടയിലും, തിരുവല്ല പുഷ്പഗിരി റോഡിലും, ഭീമാ ജംഗ്ഷനിലും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടിയെടുത്തു. അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നതിന് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളോട് വിശദീകരണം തേടി.
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എം.ആര്‍ ശ്രീകുമാര്‍, ബി.ശിവന്‍കുട്ടി, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ വിപിന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.ജി സുരേഷ്‌കുമാര്‍, സുജിത്ത്, ബുഹാരി, അസിസ്റ്റന്റുമാരായ ജി.സജീവ്കുമാര്‍, ഡി.പി ശ്രീകുമാര്‍, സജി എന്നിവര്‍ പങ്കെടുത്തു.
Discussion about this post