തിരുവനന്തപുരം: സമാധാന അന്തരീക്ഷവും കൂട്ടായപ്രവര്‍ത്തനവുമാണ് സംസ്ഥാന വികസനത്തിന്റെ മുതല്‍കൂട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുട്ടത്തറ കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) കോളജ് ഓഫ് എഞ്ചിനീയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ വികസന പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാനൂറ് ദിവസംകൊണ്ട് നൂറ് പാലങ്ങള്‍ നിര്‍മിച്ച് കേരളം മാതൃകയായി. കൂട്ടായ പ്രവര്‍ത്തനം ഇല്ലെങ്കില്‍ വികസനത്തിന്റെ കണ്ണികള്‍ അറ്റുപോകും. കേരളത്തിന്റെ വികസനം കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണ്. വികസനത്തിന് തടസമാകുന്ന ഒരുഘടകവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടത്തറ കോളജ് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ സ്വാഗതം പറഞ്ഞു. തിരുവനന്തപുരത്തെ ആദ്യ സഹകരണ എഞ്ചിനിയറിംഗ് കോളജാണ് മുട്ടത്തറയിലേത്. രണ്ട് വര്‍ഷത്തിനു മുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ട കോളജാണ് യാഥാര്‍ഥ്യമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോളജിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അഞ്ചേക്കര്‍ ഭൂമി കൂടി ആവശ്യമുണ്ടെന്ന് സഹകരണമന്ത്രി പറഞ്ഞു. ഡോ. കുഞ്ചെറിയ പി ഐസക്ക്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, സഹകരണ സംഘം രജിസ്റ്റാര്‍ എസ് ലളിതാംബിക, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്‍, കൗണ്‍സിലര്‍മാരായ ബീമാപള്ളി റഷീദ്, സജിന, ഡോ വി പ്രസീദാലക്ഷ്മി എന്നിവര്‍ സ#ംബന്ധിച്ചു.
Discussion about this post