* ടാങ്കുകളില്‍ ജലലഭ്യത ഉറപ്പാക്കും
* അടിയന്തിര ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തി
* ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ അനുവദിക്കില്ല
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
പൊങ്കാലക്കെത്തുന്നവര്‍ക്ക് കുടിവെള്ളത്തിനും പൊങ്കാല ആവശ്യങ്ങള്‍ക്കുമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍ വെള്ളം കുറയുന്ന മുറയ്ക്ക് നിറയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി കോര്‍പറേഷന്‍, റവന്യൂ അധികൃതര്‍ സ്ഥാപിച്ച ടാങ്കുകളില്‍ വെള്ളം കുറഞ്ഞാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനുള്ള നമ്പര്‍ പതിപ്പിക്കും. കൂടാതെ, ടാങ്കുകളില്‍ വെള്ളമെത്തിക്കാന്‍ ടാങ്കറുകളും എല്ലാ സമയത്തും സജ്ജമാക്കിയിടും.
അടിയന്തിര ആരോഗ്യ സേവനങ്ങള്‍ക്ക് പൊങ്കാല ദിവസം ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ബെഡ്ഡുകളുള്‍പ്പെടെ സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ, ദേശീയ ആരോഗ്യദൗത്യത്തിന്റെ എട്ട് 108 ആംബുലന്‍സുകള്‍ പവര്‍ ഹൗസ് റോഡ്, കൊഞ്ചിറവിള, കല്ലിന്‍മൂട്, തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, ആറ്റുകാല്‍ കോമ്പൗണ്ട്, കിള്ളിപ്പാലം, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതിനുപുറമേ, ഫയര്‍ഫോഴ്‌സിന്റെ 10 ആംബുലന്‍സുകളുമുണ്ടാകും.
സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ പൊങ്കാലക്കെത്തുന്നവര്‍ കൂടൂതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമായി നടപ്പാക്കുന്നതിനാല്‍ ഉല്‍സവമേഖലയില്‍ പ്ലാസ്റ്റിക്, ടെര്‍മോക്കോള്‍, പേപ്പര്‍ ഗ്‌ളാസുകളോ പാത്രങ്ങളോ അനുവദിക്കില്ല. ഭക്തജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാന്‍ സ്റ്റീല്‍ ഗ്‌ളാസുകളോ പാത്രങ്ങളോ ഒപ്പം കരുതണമെന്ന് കളക്ടര്‍ അറിയിച്ചു.
ശബ്ദമലിനീകരണം തടയാന്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി തടസം ഒഴിവാക്കാന്‍ രണ്ടു പുതിയ ട്രാന്‍സ്‌ഫോര്‍മറുകളും വേറെ രണ്ട് താല്‍കാലിക ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചതായി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പൊങ്കാല ആഘോഷങ്ങളുടെ പേരില്‍ വിവിധ സമിതികളും സംഘടനകളും ലോട്ടറി ഉള്‍പ്പെടെ നടത്തുന്നത് തടയാനും കളക്ടര്‍ ശക്തമായ നിര്‍ദേശം നല്‍കി. യോഗത്തില്‍ ക്ഷേത്ര ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post