കൊച്ചി: തിരുവനന്തപുരത്തെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ തയാറാണെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍. വാഹന ബാഹുല്യവും ജനസാന്ദ്രതയുമേറിയ കേരളത്തിന് ഭാവിയിലേക്ക് കുതിക്കണമെങ്കില്‍ ഇത്തരമൊരു പദ്ധതി കൂടാതെ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ. കെ.വി. തോമസ് എം.പി നേതൃത്വം നല്‍കുന്ന വിദ്യാധനം ട്രസ്റ്റ് ആവിഷ്‌കരിച്ച മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ് പരമ്പരയ്ക്ക് തുടക്കം കുറിച്ച് സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ഡോ. ഇ. ശ്രീധരന്‍.
ജീവിത വിജയം നേടി സമൂഹത്തിന് മാതൃകയായ വ്യക്തിത്വങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും സംവദിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയാണ് മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ്. കൊല്‍ക്കൊത്തയിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ റെയില്‍ പദ്ധതി നടപ്പായതെങ്കിലും ഈ രംഗത്ത് വിപ്ലവത്തിന് തുടക്കമിട്ടത് ദല്‍ഹി മെട്രോയാണ്. സര്‍ക്കാരുകളുടെ സബ്‌സിഡിയില്ലാതെയും അതേസമയം സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിലും മെട്രോ പദ്ധതികള്‍ നടപ്പാക്കാനാകണം. മൊത്തം പദ്ധതിത്തുകയില്‍ 60 ശതമാനവും ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും കടമെടുത്താണ് മെട്രോ നടപ്പാക്കുന്നത്. ഈ തുക തിരിച്ചടക്കാന്‍ സ്വന്തം നിലയില്‍ മെട്രോ കമ്പനികള്‍ക്ക് കഴിയണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ സമന്വയിപ്പിച്ച് കൊച്ചിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത ഗതാഗത പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ നാല് വര്‍ഷം കൊണ്ട് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. സ്ഥലം പൂര്‍ണമായി ഏറ്റെടുത്ത് കൈമാറിയ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള ഭാഗത്ത് നിശ്ചിത സമയത്തിനുള്ളില്‍ മെട്രോ പൂര്‍ത്തിയാകും. മൊത്തം 24 കിലോമീറ്ററില്‍ 18 കിലോമീറ്ററാണ് ഗതാഗത സജ്ജമാകുക. കേരളത്തെ പോലൊരു സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ ഭഗീരഥ പ്രയത്‌നം തന്നെയാണ്. ഭൂമി ലഭിച്ചു കഴിഞ്ഞാല്‍ മെട്രോ നിര്‍മാണം വെല്ലുവിളിയല്ല.
കൊച്ചിയ്ക്ക് മുമ്പേ ആരംഭിച്ച ബംഗളൂരു മെട്രോ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിശ്ചിത കാലാവധിയിലും മൂന്നു വര്‍ഷം ഇതിനകം വൈകി. ബംഗളൂരു മെട്രോ ഇക്കാര്യത്തില്‍ നല്ല മാതൃകയല്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കായലുകളാലും കനാലുകളാലും അനുഗ്രഹിക്കപ്പെട്ട കൊച്ചിയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന വാട്ടര്‍ മെട്രോ നല്ലൊരു ഗതാഗത സംവിധാനമാണ്. ശീതീകരിച്ചതും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്താനാകുന്നതുമായ ഹൈ സ്പീഡ് ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കാവശ്യം – ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടി. വിവിധ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷണമുണ്ട്. മുംബൈ, പുനെ, നാഗ്പൂര്‍ മെട്രോകളുടെ മേല്‍നോട്ടം വഹിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ജീവിതത്തിന്റെ വൈകിയ വേളയില്‍ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ നടപ്പാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഇ. ശ്രീധരനുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തത്.
മാതൃകാവ്യക്തികളുടെ കഠിനാധ്വാനവും ജീവിതവിജയവും സാമൂഹ്യ പ്രതിബദ്ധതയും പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കുകയാണ് മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ് എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാബുജോസഫ് മോഡറേറ്ററായി.. മേയര്‍ സൗമിനി ജയിന്‍, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത എന്നിവര്‍ പ്രസംഗിച്ചു
Discussion about this post