പത്തനംതിട്ട: സന്നിധാനത്ത് ശബരിമല പുണ്യദര്‍ശനം കോംപ്ലക്‌സ് എന്ന പേരില്‍ ടൂറിസം ഗസ്റ്റ് ഹൗസ് നിര്‍മിക്കുമെന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ തുക അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ആറന്മുള ഡെസ്റ്റിനേഷന്‍ വികസന പദ്ധതിയുടെ ശിലാസ്ഥാപനം ആറന്മുള സത്രം അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഇപ്പോള്‍ ദേവസ്വത്തിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളാണുള്ളത്. ലക്ഷക്കണക്കിനു തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ ഇത് അപര്യാപ്തമാണ്. ടൂറിസം വകുപ്പിന് ദേവസ്വം ബോര്‍ഡ് സ്ഥലം വിട്ടുതരാന്‍ തീരുമാനിച്ചതോടെയാണ് ഗസ്റ്റ് ഹൗസ് യാഥാര്‍ഥ്യമാകുന്നതിന് അവസരമൊരുങ്ങിയത്. ശബരിമലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 100 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗവി-വാഗമണ്‍-തേക്കടി ടൂറിസം സര്‍ക്യൂട്ടിന് 100 കോടി രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ 35 കോടി രൂപ കേരളത്തിന് ലഭിച്ചിട്ടുണ്ട്.
ടൂറിസം സാധ്യതയേറെയുള്ള സ്ഥലമാണ് ആറന്മുള. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് ആറന്മുളയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന് സാങ്കേതിക അനുമതി ലഭിച്ചതായും ടെണ്ടര്‍ നടപടി ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു. ആറന്മുള ഡെസ്റ്റിനേഷന്‍ വികസന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സത്രക്കടവിലെ വി.ഐ.പി പവലിയന്‍ പുനരുദ്ധരിക്കുകയും ടോയ്‌ലറ്റ് കം അമിനിറ്റി സെന്റര്‍ ക്രമീകരിക്കുകയും ചെയ്യും. പവലിയനു മുന്നില്‍ നടപ്പാത നിര്‍മിക്കുകയും മറ്റ് സൗന്ദര്യവത്ക്കരണങ്ങള്‍ നടത്തുകയും ചെയ്യും. 4.9 കോടി രൂപയുടെ പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ തങ്കമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എസ്.കുമാര്‍, ഗ്രാമ പഞ്ചായത്തംഗം സുജ സുരേഷ്, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, വി.ആര്‍ ഉണ്ണികൃഷ്ണന്‍, തോമസ് മാത്യു ഇടയാറന്മുള, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഷാഹുല്‍ഹമീദ്, ഡി.റ്റി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, അംഗങ്ങളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോഷന്‍ നായര്‍, എസ്.ബിനു, അജി അലക്‌സ് എന്നിവര്‍ സംസാരിച്ചു.
Discussion about this post