കൊച്ചി: സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ ആധുനികവത്കരണത്തിന്റെ പാതയില്‍ മുന്നേറുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം അപകടരഹിത കേരളമാണെന്ന് ഗതാഗത മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന വാഹന ഡീലര്‍മാര്‍ക്കുള്ള താത്കാലിക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമായ ഡീലേഴ്‌സ് ഓണ്‍ വെബ്ബിന്റെ ഉദ്ഘാടനവും കംപ്യൂട്ടര്‍വത്കൃത ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങള്‍ കുറയ്ക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക വിദ്യയുടെ പ്രയോഗം വര്‍ധിപ്പിക്കണം. വാഹനങ്ങളുടെ നിലവാരം, ഡ്രൈവിംഗിന്റെ കൃത്യത, റോഡുകളുടെ സുരക്ഷ തുടങ്ങിയവയും ഉറപ്പാക്കണം. വാഹനങ്ങളുടെ സാന്ദ്രത കേരളത്തില്‍ വളരെ കൂടുതലാണ്. ടൂവീലര്‍ ഉപയോഗിക്കുന്ന യുവാക്കളാണ് അപകടങ്ങളില്‍ പെടുന്നവരിലധികവും. അപകട രഹിത മേഖലയായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രേഖ കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കെ. പോളിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈമാറി. കംപ്യൂട്ടര്‍വത്കൃത ടെസ്റ്റിംഗ് കേന്ദ്രം നിര്‍മ്മിക്കുന്നതിനായി പോര്‍ട്ട് ട്രസ്റ്റ് കൈമാറുന്ന ഭൂമിയുടെ രേഖ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി.
പുതിയ വാഹനങ്ങള്‍ക്ക് താത്ക്കാലികമായി ഡീലര്‍മാര്‍ക്ക് ഓണ്‍ലൈനായി രജ്‌സ്‌ട്രേഷന്‍ നല്‍കുന്ന സംവിധാനമാണ് ഡീലേഴ്‌സ് ഓണ്‍ വെബ്. ആര്‍ടിഒ ഓഫീസിലെത്താതെ ഡീലര്‍മാര്‍ക്ക് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ലഭിക്കും. പോര്‍ട്ട് ട്രസ്റ്റ് കൈമാറിയ നേവല്‍ ബേസിനു സമീപമുള്ള മൂന്നര ഏക്കര്‍ ഭൂമിയിലാണ് കംപ്യൂട്ടര്‍വത്കൃത ടെസ്റ്റിംഗ് കേന്ദ്രം നിര്‍മ്മിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റും വാഹന ഫിറ്റ്‌നെസ് പരിശോധനയും കുറ്റമറ്റതും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള സംവിധാനമാണ് ലക്ഷ്യം.
ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എംപി, ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍മാരായ ഷഹൃദ സുരേഷ്, ആന്റണി പൈനുതറ, റോഡ് സുരക്ഷ കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി, സതേണ്‍ നേവല്‍ കമാന്‍ഡ് കമഡോര്‍ പി. സുരേഷ്, കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസിയേഷന്‍ പ്രസിഡന്റ് ജോണ്‍.കെ.പോള്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post