ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യം 7.6 ശതമാനം വളര്‍ച്ച നേടിയെന്ന് ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഗ്രാമീണ മേഖലയ്ക്കും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.
പ്രധാനമന്ത്രി കൃഷി സിച്ചായി യോജന പദ്ധതി പ്രകാരം 28.5 ലക്ഷം ഹെക്ടറില്‍ ജലസേചന പദ്ധതി. കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ടു ഇരട്ടിയാക്കുമെന്നും ബജറ്റില്‍ പറയുന്നു. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5,500 കോടി അനുവദിച്ചു. അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഒന്‍പത് ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയും കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കര്‍ഷകരുടെ വിളനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കും.
സര്‍ക്കാരില്‍ നിന്നുള്ള എല്ലാ സബ്‌സിഡികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. അതോടൊപ്പംതന്നെ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി നിയമം പാസാക്കും. ദേശീയ പാതകള്‍ക്കും റോഡുകള്‍ക്കുമായി 55,000 കോടി നീക്കിവച്ചു.
ദരിദ്ര കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ എല്‍പിജി കണക്ഷന്‍ അനുവദിക്കും. 50 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഗ്രാമീണ മേഖലയുടെ വികസനത്തിന് 87,765 കോടി സഹായം നല്‍കും. സിഗററ്റിന് വില കൂടും.
ആദായ നികുതി ഇളവ് പരിധിയായ 2.5 ലക്ഷം രൂപതന്നെ തുടരും. എന്നാല്‍ അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന റിബേറ്റ് 5000 രൂപയാക്കി.
10 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തും. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ് ഏര്‍പ്പെടുത്തും.
Discussion about this post