കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതിയില്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതിയലക്ഷ്യം ഉണ്ടാകുമെന്നു കരുതിയല്ല ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അവചാരിതമായി സംഭവിച്ചതാണ്. തെറ്റുമനസിലാക്കിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഫേസ്ബുക്കിലെ പരാമര്‍ശത്തിലൂടെ ജുഡീഷറിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പാക്കണമെന്നും സത്യവാങ്മൂലം പറയുന്നു. കോടതി നിര്‍ദേശപ്രകാരം ഇന്നു മൂന്നിനു തന്നെ കോടതിയില്‍ നേരിട്ട് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട മന്ത്രിയെ കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ കെ.സി. ജോസഫ് നേരിട്ടു ഹാജരാകണമെന്നും ഹാജരാകുന്നതില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ സത്യവാങ്മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്നു ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
2015 ജൂണ്‍ 23 ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം, ജഡ്ജി നീലച്ചായം നിറച്ച തൊട്ടിയില്‍ വീണ കുറുക്കനാണെന്ന് മന്ത്രി കെ.സി. ജോസഫ് തന്റെ ഫേസ്ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്തു. ഇതു ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടി എംഎല്‍എയാണ് മന്ത്രിക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post