തിരുവനന്തപുരം: തൊട്ടതെല്ലാം യാഥാര്‍ത്ഥ്യമാക്കിയാണ് കരുതലും വികസനവും എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടമായ കരമന-പ്രാവച്ചമ്പലം പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കരമന-കളിയിക്കാവിള റോഡിന്റെ പ്രാഥമിക ഘട്ടം ഉദ്ഘാടനം ചെയ്യാനായത് അഭിമാനകരമാണ്. പ്രവര്‍ത്തനം ആരംഭിച്ച് എട്ടും പത്തും വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്ന പഴയ സ്ഥിയല്ല ഇന്ന്. സമയ ബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നാനൂറ് ദിവസം കൊണ്ട് നൂറ് പാലങ്ങള്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്യാനായി. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാന ജില്ലയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതി എന്ന നിലയിലാണ് കരമന-കളിയിക്കാവിള റോഡിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പ്രതിസന്ധികളെയാകെ മറികടന്നാണ് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പദ്ധതിയുടെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സ്പീക്കര്‍ എന്‍. ശക്തന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post