ആലപ്പുഴ: ഇസേവന സൗകര്യങ്ങളുമായി വാഹനത്തില്‍ നിശ്ചിത ദിവസം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം നല്‍കുന്ന സംവിധാനം ആരംഭിക്കുന്നത് വകുപ്പിന്റെ സജീവ പരിഗണനയിലാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ആലപ്പുഴ ആര്‍.ടി. ഓഫീസിനോട് ചേര്‍ന്ന് ആരംഭിക്കുന്ന ഇസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നലെ(ഫെബ്രുവരി 4) രാവിലെ 9.30ന് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ നയം. വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കികൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒ., സബ് ആര്‍.ടി.ഒ.കളിലും ഇസേവാകേന്ദ്രങ്ങള്‍ തുറക്കാന്‍ നടപടിയെടുത്തുവരുന്നതായി തച്ചങ്കരി പറഞ്ഞു. ജില്ലയില്‍ ആലപ്പുഴ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ചേര്‍ത്തല ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലുമാണ് കുടുംബശ്രീ ഇസേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി മുതല്‍ ഇസേവാകേന്ദ്രങ്ങള്‍ വഴി ലഭിക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എബി ജോണ്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ഐ.എം. മുഹ്‌സിന്‍കോയ എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ ഇസേവാകേന്ദ്രം ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: ആലപ്പുഴ9744111460, കായംകുളം9497338703, മാവേലിക്കര8301823245, ചേര്‍ത്തല9846459526, ചെങ്ങന്നൂര്‍9446347662. അപേക്ഷ തയാറാക്കി നല്‍കുന്നതിന് നിലവിലുള്ള സേവനത്തിന് നിശ്ചയിച്ച ഫീസിനു പുറമേ 20 രൂപ കൂടി നല്‍കണം. അപേക്ഷയുടെ പ്രിന്റ് വേണമെങ്കില്‍ രണ്ടുരൂപ നല്‍കണം.
Discussion about this post