ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ-തോയിബയിലെ 10 ഭീകരര്‍ രാജ്യത്തു നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള എല്ലാ വന്‍കിട നഗരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ജാന്‍ജുവ ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനു കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ശിവരാത്രിയോട് അനുബന്ധിച്ച് ഗുജറാത്തും ഡല്‍ഹിയും അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയാണ് ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും രഹസ്യവിവരങ്ങളില്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ സേനയുടെ നാലു ടീമുകളെ ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്. സോമനാഥ് ക്ഷേത്രം, ജുനാഗഡ്, അക്ഷര്‍ധാം എന്നീ ക്ഷേത്രങ്ങളാണ് ഭീകരവാദികളുടെ ലക്ഷ്യമെന്നാണു സൂചന. ഇവ കൂടാതെ ശിവരാത്രി മഹോത്സവങ്ങള്‍ നടക്കുന്ന മറ്റു ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കോല്‍ക്കത്ത വിമാനത്താവളത്തില്‍ ആക്രമണം ഉണ്ടാകുമെന്നുള്ള ഭീഷണി സന്ദേശമുണ്ടായതും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിനു കാരണമായെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി കച്ച് അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. നേരത്തെ കച്ച് തീരത്ത് ഉപേക്ഷിച്ച നിലയില്‍ മൂന്നു ബോട്ടുകള്‍ കണെ്ടത്തിയിരുന്നു. ഇതു തീവ്രവാദികള്‍ എത്തിയ ബോട്ടാണെന്നാണു സംശയം. വെള്ളിയാഴ്ച ഭുജിലെ സൈനിക ക്യാമ്പിന്റെ ചിത്രമെടുത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കച്ച് തീരത്തുകണെ്ടത്തിയ ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശത്തിനും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണു സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്.












