തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും സാധാരണയായി നല്‍കിവരുന്ന പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കൊപ്പം നിര്‍ജ്ജീവ പോളിയോ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് (ഐ.പി.വി) കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ആഗോളവ്യാപകമായി പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി ലോകാരോഗ്യസംഘടന ആവിഷ്‌കരിച്ചതിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുളള സൗകര്യം സൗജന്യമായി ലഭിക്കും. പോളിയോ രോഗം പരത്തുന്ന മൂന്ന് തരം വൈറസുകളുടെ ജീവനില്ലാത്ത സൂഷ്മാണുക്കളാണ് പ്രതിരോധ കുത്തിവയ്പ്പില്‍ ഉളളത്. ഇത്തരം നിര്‍ജ്ജീവമായ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ പോളിയോ രോഗത്തിനെതിരെ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുകയും ആജീവനാന്ത രോഗപ്രതിരോധ ശക്തി സംജാതമാകുകയും ചെയ്യുന്നു. അങ്ങനെ മൂന്ന് തരം വൈറസുകള്‍ കൊണ്ടുണ്ടാകുന്ന പോളിയോ രോഗത്തെ തടയുവാനും കഴിയും. ഈ കുത്തിവയ്പ് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. കുഞ്ഞ് ജനിച്ച് ആറാമത്തെയും പതിനാലാമത്തെയും ആഴ്ചകളില്‍ ഓരോ കുത്തിവയ്പ്പാണ് എടുക്കേണ്ടത്. നിസാര അളവില്‍ (0.1 എം.എല്‍) തൊലിക്കുളളിലാണ് ഈ നിര്‍ജ്ജീവപോളിയോ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത്. പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കും.
സാധാരണയായി നല്‍കിവരുന്ന എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും (പോളിയോ തുളളിമരുന്ന് (ഒ.പി.വി) ഉള്‍പ്പെടെ) കുഞ്ഞിന് നല്‍കുന്നതിനോടൊപ്പം അധികമായി ഈ കുത്തി വയ്പ്പ് കൂടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
Discussion about this post