പാലക്കാട്: സംസ്ഥാനത്തെ ആദിവാസി സമൂഹത്തെ സിപിഎം വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. കേരളരക്ഷാപദയാത്രക്ക് ലക്കിടി, പത്തിരിപ്പാല എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി തട്ടിയെടുത്ത കയ്യേറ്റക്കാരെയും ഭൂ-റിസോര്‍ട്ട് മാഫിയകളെയും സംരക്ഷിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. ആദിവാസി ഭൂസംരക്ഷണ നിയമം നിലവില്‍ വന്നിട്ടും അവരുടെ ഭൂമി കയ്യേറുന്നത് അവസാനിച്ചിട്ടില്ല. ആയിരക്കണക്കിനേക്കര്‍ ആദിവാസി ഭൂമിയാണ് കയ്യേറ്റത്തിനിരയായിട്ടുള്ളത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവര്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയാണ് ഇടതുമുന്നണി. അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കയ്യേറാന്‍ കാറ്റാടി കമ്പനിയെ സഹായിച്ചത് മന്ത്രി എ.കെ.ബാലനാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കയ്യേറ്റക്കാര്‍ക്ക് ഒത്താശചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷവും നിശബ്ദമാണ്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാറ്റാടി കമ്പനിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് പറയാന്‍ പ്രതിപക്ഷനേതാവിന് ധൈര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെയും സെയിലന്റ്‌വാലിയിലെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, സെക്രട്ടറി കെ.എസ്.രാജന്‍, വക്താവ് ജോര്‍ജ് കുര്യന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ്, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ.വേലായുധന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ചന്ദ്രശേഖരന്‍, ബിജെപി മേഖലാ പ്രസിഡന്റ് എന്‍.ശിവരാജന്‍, ജനറല്‍ സെക്രട്ടറി കെ.കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.സാബു എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post