തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലുളള സ്‌ക്വാഡ് ആഴ്ചയില്‍ ഒരു ദിവസം പരിശോധന നടത്തണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ താമസസൗകര്യം തൊഴിലുടമകള്‍ ഒരുക്കിനല്‍കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനാവേളയില്‍ തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്തേണ്ടതും നിയമലംഘനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. ബാലവേലയ്‌ക്കെതിരായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതിവകുപ്പ്, പോലീസ്, ചൈല്‍ഡ്‌ലൈന്‍ എന്നിവയുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
സ്‌കൂളുകള്‍, ഹോട്ടലുകള്‍. വ്യവസായ യൂണിറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുനിരത്തുകള്‍ എന്നിവിടങ്ങളില്‍ ബാലവേലയ്‌ക്കെതിരെ സ്റ്റിക്കര്‍, പോസ്റ്റര്‍ എന്നിവ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ ബോധവല്‍ക്കരണത്തിന് മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളില്‍ ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തതായി തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു
Discussion about this post