പരവൂര്‍: ദുരന്തമുഖം നേരില്‍ കാണുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങല്‍ ക്ഷേത്രമൈതാനിയില്‍ എത്തി. കൊല്ലം ആശ്രാമം ഹെലിപാഡില്‍ വിമാനമിറങ്ങിയ അദ്ദേഹം പിന്നീട് കാര്‍ മാര്‍ഗമാണു പരവൂരില്‍ എത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വൈകുന്നേരം 4.12ന് എത്തിയ പ്രധാനമന്ത്രി ദുരന്തസ്ഥലം നേരില്‍ സന്ദര്‍ശിച്ച ശേഷം വിവരങ്ങള്‍ വിശദമായി ആരാഞ്ഞ് 4.20ന് കൊല്ലത്തേക്കു പോയി.
ദുരന്തം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മന്ത്രി രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന അടക്കം ചെയ്യുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അദ്ദേഹത്തോടൊപ്പം കൊല്ലത്ത് എത്തിയിട്ടുള്ള മെഡിക്കല്‍ സംഘത്തിന്റെ സഹായവും ഇതിന് ഉപയോഗപ്പെടുത്തും. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായകക്കാര്യവും പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. കൂടുതല്‍ കേന്ദ്രസഹായത്തിന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണെ്ടന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Discussion about this post