കൊല്ലം: വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആശുപത്രിയില്‍ എത്തിയ അദ്ദേഹം പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുടെയും മറ്റു സൗകര്യങ്ങളുടെയും വിവരങ്ങള്‍ നേരിട്ട് ആരാഞ്ഞു.
ഡോക്ടര്‍മാരോട് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആറംഗ ഡോക്ടര്‍മാരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തിരുവനന്തപുരത്തെത്തി. ഇതില്‍ നാലുപേര്‍ മെഡിക്കല്‍ കോളജിലെത്തി. രണ്ടു പേര്‍ പ്രധാനമന്ത്രിക്കൊപ്പം കൊല്ലത്തേക്കു പോയി.
കേന്ദ്രത്തില്‍നിന്ന് 26 അംഗ മെഡിക്കല്‍ സംഘം അടുത്ത ദിവസങ്ങളിലെത്തും. ഇതില്‍ ആറു പേര്‍ ഡോക്ടര്‍മാരാണ്. ബാക്കി പാരാമെഡിക്കല്‍ വിഭാഗത്തിലുള്ളവരാണ്. അണുബാധ തടയാനും പൊള്ളലിനു ചികിത്സ നല്‍കാനും ഡല്‍ഹിയിലെ എയിംസിലെ വിദഗ്ധരാണ് എത്തുന്നത്.
സിആര്‍പിഎഫ് ഡോക്ടര്‍മാരുടെ സംഘവും ഇന്നലെ തിരുവനന്തപുരത്തെത്തി. ആറു ഡോക്ടര്‍മാരാണു മുപ്പതംഗ സംഘത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post