പരവൂര്‍ (കൊല്ലം): പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. ചികിത്സയിലിരുന്ന മൂന്നു പേര്‍ കൂടി ഇന്നു മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍(47) ആണ് ഒടുവില്‍ മരിച്ചത്. നെടുങ്ങോലം സ്വദേശി പ്രസന്നന്‍(40), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്(34) എന്നിവര്‍ രാവിലെ മരിച്ചിരുന്നു. അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല.
ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ പരിക്കേറ്റവര്‍ക്കായി വിദഗ്ദ ചികിത്സ ഒരുക്കാമെന്ന് ദുരന്തപ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ആരേയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനാകില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 85 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുതുടങ്ങി. 18 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതില്‍ ആറു പേരുടെ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. ഇവരുടെ മൃതദേഹം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എഡിജിപി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. വെടിക്കെട്ട് സംഘടിപ്പിച്ചവരടക്കം 15 പേര്‍ക്കെതിരേ പോലീസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോണ്‍ക്രീറ്റ് നിര്‍മിതമായ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയില്‍ പൊട്ടിത്തെറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിക്കുകയായിരുന്നു.
Discussion about this post