തിരുവനന്തപുരം: മുപ്പത്തിയഞ്ചാം ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് സി.എ.ജി കണ്ടെത്തിയതായി വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നാഷണല്‍ ഗയിംസ് ചീഫ് കമ്മീഷണര്‍. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട 2009 – 15 വരെയുളള കണക്കുകളും രേഖകളും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് വിശദമായ മറുപടി 2015 ഡിസംബര്‍ 11 ന് നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റ് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഭൂരിപക്ഷം ഓഡിറ്റ് പരാമര്‍ശങ്ങളില്‍ മേലുളള നടപടികളും അവസാനിപ്പിക്കുകയുണ്ടായി.
എന്നാല്‍ 28 വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് 2016 ഫെബ്രുവരി 29 ന് കത്ത് നല്‍കുകയും ഇതിന്‍ന്മേലുളള മറുപടി 2016 ഏപ്രില്‍ എട്ടിന് സമര്‍പ്പിച്ചു. മറുപടിയില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകള്‍ www.kerala2015.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
Discussion about this post