തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍, ഏപ്രില്‍ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ബന്ധപ്പെട്ട മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കുവേണ്ടിയുള്ള ചികിത്സാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാക്കി വരുന്നത്. വിവിധ ആശുപത്രികളിലെ ഒ.പി. വിഭാഗങ്ങളില്‍ 1039 പേര്‍ ചികിത്സ തേടി. ഐപി വിഭാഗങ്ങളില്‍ ഇപ്പോള്‍ 349 പേര്‍ ചികിത്സയിലുണ്ട്. അപകടത്തില്‍ മരിച്ച 111 പേരില്‍ 14 പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സേവനം പ്രയോജനപ്പെടുത്തും. അപകടത്തെത്തുടര്‍ന്ന് 21 പേരെ കാണാതായതായി പോലീസ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശികളായ സത്യനും (55), സുരേന്ദ്രനും (67) മരണമടഞ്ഞു. വിവിധ ആശുപത്രികളിലുള്ള 40 പേരുടെ നില അതീവ ഗുരുതരമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച്, കൊല്ലം മെഡിസിറ്റിയില്‍ 20, ഹോളിക്രോസില്‍ അഞ്ച്, കൊട്ടിയം കിംസില്‍ മൂന്ന്, ബെന്‍സിഗറില്‍ ഒന്ന്, ഉപാസനയില്‍ ഒന്ന്, മെഡിട്രീനയില്‍ രണ്ട്, അസീസിയയില്‍ മൂന്ന്, എന്നിങ്ങനെയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം.
തിരിച്ചറിയാനാവാത്ത 11 മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്കാശുപത്രികളിലും 3 എണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ, ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടെയും ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാരാണ് വഹിക്കുന്നത്. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് തിങ്കളാഴ്ച കൈമാറി. അപകടത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ട കിഷോര്‍, കൃഷ്ണ എന്നീ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടായ സമയംമുതല്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലെയും പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ അദ്ദേഹം അനുമോദിച്ചു. ഡല്‍ഹിയിലെ എയിംസ്, രാംമനോഹര്‍ ലോഹ്യ എന്നീ ആശുപത്രികളില്‍നിന്നായി ഇരുപതും കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് നാലും കോയമ്പത്തൂര്‍ ഗംഗാ ഹോസ്പിറ്റലില്‍നിന്ന് ആറും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. അപകട സ്ഥലത്ത്, ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്തിന്റെ നാലുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രവര്‍ത്തനം. കിണറുകള്‍ ശുദ്ധീകരിച്ചുവരികയാണ്. തിങ്കളാഴ്ച വൈകുന്നേരംവരെ 558 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. 1880 പേരെ പരിശോധിച്ചു. ഇതില്‍ 20 പേരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി.
എംഎ. വാഹീദ് എംഎല്‍എ, ചീഫ് സെക്രട്ടറി, പി.കെ. മൊഹന്തി,മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി: ടി.പി. സെന്‍കുമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി കെ. ഇളങ്കോവന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ആരോഗ്യകേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി.ആര്‍ ഗോകുല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍. രമേഷ്, എഡിജിപി മനോജ് എബ്രഹാം, ഡിഎംഇ: ഡോ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരായ മനീഷ് സിംഗാള്‍, സുഷ സാഗര്‍, റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ. മനോജ് ഝാ, മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സുല്‍ഫിക്കര്‍, ഡോ. രമേഷ് രാജന്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കോമളറാണി, ബേണ്‍സ് യൂണിറ്റിലെ ഡോ. പ്രേംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post