കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ പി എ രാജേശ്വരി, ബി ചന്ദ്രിക എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
ചികിത്സയ്ക്ക് പണം വാങ്ങിയതുമായി ബന്ധപ്പെട്ട പരാതികള്‍ യോഗത്തില്‍ പരിശോധിച്ചു. വാങ്ങിയ പണം കളക്ടറുടെ നിര്‍ദേശം ലഭിച്ച ഉടന്‍ തിരികെ നല്‍കിയതായി ആശുപത്രി പ്രതിനിധികള്‍ അറിയിച്ചു. പ്രവേശിക്കപ്പെട്ടിട്ടുള്ള രോഗികളുടെ വിവരം, പരിക്കിന്റെ സ്വഭാവം, ചികിത്സ, ഡോക്ടറുടെ പേര് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച പ്രൊഫോര്‍മയില്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം സ്വകാര്യ ആശുപത്രികള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഗുരുതര പരിക്കുകളുള്ള രോഗികളെ വിദഗ്ധ ചികിത്സക്ക് മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അടിയന്തരമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം, ചികിത്സയുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് ആശുപത്രികളുടെ പ്രതിനിധികള്‍ യോഗത്തില്‍ വിവരം സമര്‍പ്പിച്ചു. മെഡിസിറ്റി, കൊട്ടിയം കിംസ്, എന്‍ എസ് ആശുപത്രി, മെഡിട്രീന, ബെന്‍സിഗര്‍, കൊട്ടിയം ഹോളിക്രോസ് ആശുപത്രി, അസീസിയ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post